തീവ്രവാദി സംഘത്തില്‍ അംഗമായ എട്ട് പേരെ സൗദി സുരക്ഷാസേന വധിച്ചു

റിയാദ്: തീവ്രവാദി സംഘത്തില്‍ അംഗമായ എട്ട് പേരെ സൗദി സുരക്ഷാസേന വെടിവെച്ചുകൊന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഖത്തീഫില്‍ ശനിയാഴ്ച സുരക്ഷാ സേന നടത്തിയ റെയ്ഡിനിടെയായിരുന്നു തീവ്രവാദികളെ വധിച്ചതെന്ന് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് പറഞ്ഞു.രാജ്യത്ത് അടുത്തിടെ രൂപീകരിച്ച തീവ്രവാദി ഗ്രൂപ്പ് രാജ്യസുരക്ഷക്കെതിരായ നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ സേന പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച എട്ടംഗ സംഘം സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ചു. ഏറ്റമുട്ടലിനൊടുവില്‍ എട്ട് പേരെയും സേന വധിച്ചു. സൈനികര്‍ക്കോ  മറ്റ് ജനങ്ങള്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.