ആഭ്യന്തര സർവേയിൽ കോൺഗ്രസ് ആശങ്കയിൽ :അധികാരം പിടിക്കാനുള്ള ശ്രമം പാളുന്നു, കൈകൊടുക്കാതെ പ്രധാന പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ബിജെപിയെ പുറത്താക്കി കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളുന്നു. മെയ് 21 ന് കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല. മമതാ ബാനർജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി.കോൺഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോൺഗ്രസിന് ലഭിക്കുന്നതിൽ ഇവർക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും, മമതാ ബാനർജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കും.കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള നീക്കമായി ഇതിനെ കാണുന്നുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനർജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളിൽ ഇവർ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം സമവായത്തിന് മറ്റ് വഴികൾ കോൺഗ്രസ് തേടുന്നുണ്ട്.എന്നാൽ ആഭ്യന്തര സർവേയിൽ പിന്നോക്കം പോയ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ സർക്കാരിൽ പങ്കാളിയാകും. 1996 ൽ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചതിന്റെ ദുരനുഭവം മുൻനിർത്തി പുറമേ നിന്ന് പിന്തുണയ്ക്കാതെ സർക്കാർ പങ്കാളിയാകും. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കും. മായവതി, മമത. ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവർ.