ഇറാന് താക്കീതുമായി യു എസ് :പേർഷ്യൻ ഉൾക്കടലിനു മുകളിൽ ബോംബറുകൾ പറത്തി

വാഷിങ്ടൻ • ലോകത്തെ ആശങ്കയിലാക്കി, ഇറാനു മുന്നറിയിപ്പുമായി യുഎസിന്റെ സൈനികനീക്കം. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തി. മധ്യപൂര്‍വദേശത്ത് ഇറാന്റെ ‘ഭീഷണി’ തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയതായി യുഎസ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്.രാജ്യാന്തര ക്രൂഡോയില്‍ നീക്കത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം.യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്‌നിങ് 2 ജോയിന്റ് സ്‌ട്രൈക് പോര്‍വിമാനങ്ങള്‍ എന്നിവയാണു പ്രതിരോധപ്പറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍, ഒരു ക്രൂയിസര്‍, നാല് നശീകരണക്കപ്പല്‍, അനവധി യുദ്ധവിമാനങ്ങള്‍ എന്നിവ മേഖലയില്‍ സജ്ജമായി നില്‍ക്കുന്നുണ്ട്.