സൗദി പൂർവ-പശ്ചിമ പൈപ്‌ലൈനിനു നേരെ സായുധ ഡ്രോൺ ആക്രമണം

റിയാദ്‌ • സൗദി പൂർവ-പശ്ചിമ പൈപ്‌ലൈനിനു നേരെ സായുധ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച രാവിലെ ആറിനും ആറരക്കും ഇടയിൽ ഈസ്റ്റ്‌ വെസ്റ്റ്‌ പൈപ്‌ ലൈൻ 8,9 നമ്പർ സ്റ്റേഷനുകളിലാണ്‌ ആക്രമണമുണ്ടായതെന്ന് സൗദി ഊർജ വ്യവസായ മന്ത്രി ഖാലിദ്‌ അൽ ഫാലിഹ്‌ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് യാമ്പുവിലേക്ക്‌ നീളുന്ന് 1200 കി.മി പൈപ്‌ ലൈനിനു നേരെയാണ്‌ ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്പർ 8 സ്റ്റേഷന്‌ ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.അരാംകോ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. ആക്രമണമേറ്റ പൈപ്‌ ലൈൻ വഴിയുള്ള വിതരണം നിർത്തി വയ്ക്കുകയും ചെയ്തു. രാജ്യത്തിന്റ്ര് ക്രൂഡ്‌ ഓയിൽ വിതരണത്തിൽ തടസങ്ങൾ നേരിട്ടിട്ടില്ലെന്ന് സൗദി അറിയിച്ചു.തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തെ മന്ത്രി ഫാലിഹ്‌ അപലപിച്ചു. ഇത്‌ സൗദിയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും അറേബ്യൻ കടൽ തീരത്ത്‌ കഴിഞ്ഞ ദിവസം നടന്ന ആക്രമണമുൾപ്പെടെ ലോക സമ്പദ്‌ വ്യവസ്ഥയെയും സമാധാനന്തരീക്ഷത്തെയും ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നൽകി. ഇറാൻ സഹായത്തോടെ യെമനിൽ നടക്കുന്ന ഹൂത്തി ആക്രമണങ്ങൾ ഉൾപ്പെടെ തീവ്രവാദത്തെ തുരത്തേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു.