ഇറാനെ വിറപ്പിക്കുക ലക്ഷ്യം : പശ്ചിമേഷ്യയിലേക്ക് വരുന്നത് 1, 20000 അമേരിക്കൻ പട്ടാളക്കാർ, നിഷേധിച്ച് ട്രംപ്

കുവൈത്ത്  സിറ്റി: ഇറാനെ ഭയപ്പെടുത്തുക ലക്ഷ്യമാക്കി അമേരിക്കയുടെ പുതിയ സൈനിക നീക്കം. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം മിലിട്ടറി ട്രൂപ്പുകളാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി വരുന്നത്. ഇതിനുമുമ്പ് ഇറാഖ് യുദ്ധകാലത്ത് മാത്രമാണ് ഇത്രയധികം അമേരിക്കൻ പട്ടാളക്കാർ ഒന്നിച്ച് ഗൾഫ് മേഖലയിലേക്ക് എത്തിയത്. ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ചു ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ആക്ടിങ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാനഹാനാണ് പുതിയ സൈനിക നീക്കത്തെ സംബന്ധിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ വേഗമാക്കിയതും പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് വെല്ലുവിളിയായി തീരുന്നതും ചൂണ്ടിക്കാട്ടിയാണ് യു എസിന്റെ പുതിയ സൈനിക നീക്കം.ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിൽ ഇറാൻ അമേരിക്കൻ സൈനികരെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് യു എസിന്റെ ആരോപണം. അതേസമയം ഇറാനെ ഭയപ്പെടുത്തുവാൻ അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങൾ കൃത്യമായ ഇടവേളകളിൽ സൈന്യം തന്നെ പുറത്തുവിടുന്നുണ്ട്. യുഎസ് ബോംബർ ഗ്രൂപുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആണ് പ്രധാനമായും പുറത്തുവന്നിരിക്കുന്നത്. ലൂസിയാനയിൽ നിന്നും ബോംബർ വിമാനങ്ങൾ തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ പെന്റഗൺ പുറത്തുവിട്ടിരുന്നു. സൂയസ് കനാലിലൂടെ അമേരിക്കൻ പോർവിമാനം വഹിച്ചുകൊണ്ടുപോകുന്ന കപ്പലിന്റെ വീഡിയോയും രാജ്യന്തര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ സൈനിക നീക്കത്തിനുള്ള സാധ്യതകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചിട്ടുണ്ട്.