കുവൈത്തിൽ സിവിൽ ഐഡി ഓഫീസുകളിൽ വീർപ്പുമുട്ടുന്ന തിരക്ക്, മണിക്കൂറുകൾ ക്യൂ നിന്നിട്ടും പരിഹാരമാകുന്നില്ല

കുവൈത്ത് സിറ്റി : സിവിൽ ഐഡിയിലെ തെറ്റുകൾ തിരുത്തുവാനും പുതിയ സിവിൽ ഐഡികൾ ലഭിക്കുന്നതിനുവേണ്ടിയും കുവൈത്തിൽ പ്രവാസികൾ ക്യൂ നിൽക്കുന്നത് മണിക്കൂറുകളോളം, പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നതാണ് പ്രതിസന്ധിയായി മാറിയത്. പാസ്പോർട്ടിൽ ഇക്കാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തി സിവിൽ ഐഡി അടിസ്ഥാനമാക്കുകയും സിവിൽ ഐഡിയിലെ അക്ഷരതെറ്റുകൾ നാട്ടിലേക്കുള്ള യാത്രയിൽ തടസ്സമാവുകയും ചെയ്യുന്നതോടെയാണ് വ്യാപകമായി ആളുകൾ സിവിൽ ഐഡി ഓഫീസിൽ എത്തുന്നത്. റമദാൻ പ്രമാണിച്ച് ഓഫീസ് സമയം പകുതിയായി കുറച്ചതോടെ പ്രയാസം ഇരട്ടിയായി. റമദാന് മുമ്പ് പുതുക്കാൻ കൊടുത്ത സിവിൽ ഐഡികൾ പലർക്കും ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ല. സിവിൽ ഐ ഡി യിലെ അക്ഷരതെറ്റുകൾ, പേരുമാറ്റം, പാസ്പോർട്ട് നമ്പറിലെ തെറ്റു തിരുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രവാസികൾ അടക്കമുള്ള ആളുകൾ സിവിൽ ഐ ഡി ഓഫീസുകളിൽ എത്തിച്ചേരുന്നത്