മലയാളികൾക്കും തിരിച്ചടി :കുവൈത്തിൽ 4000 എഞ്ചിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ തള്ളി

കുവൈത്ത് സിറ്റി
കുവൈത്തിൽ 4000ത്തോളം എഞ്ചിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ തിരിച്ചതായി കുവൈത്ത് എൻജിനീയേർസ് സൊസൈറ്റി വ്യക്തമാക്കി. താമസാനുമതി രേഖ (ഇക്കാമ) പുതുക്കുന്നതിനായി വിദേശി എൻജിനീയർമാരുടെ സർട്ടിഫിക്കറ്റിനു കുവൈത്ത് എൻജിനീയേർസ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണം എന്നാണ് നിയമം. ഇതിനായി സമർപ്പിച്ച മുപ്പതിനായിരത്തോളം അപേക്ഷകളിൽ നിന്നാണ് മാനദണ്ഡങ്ങൾ പാലിക്കാത്തവയെ തിരിച്ചയച്ചത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളതാണ് അംഗീകാരം നിഷേധിക്കപ്പെട്ട സർട്ടിഫിക്കറ്റുകളിൽ ഏറെയും. ഓരോ രാജ്യത്തും കുവൈറ്റ് സർക്കാർ അംഗീകരിച്ച അക്രഡിറ്റേഷൻ കമ്മിറ്റിയുടെ അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ കുവൈത്തിൽ പരിഗണിക്കുകയുള്ളൂ. ഇന്ത്യയിൽ നാഷണൽ ബ്യൂറോ ഓഫ് അക്രെഡിറ്റേഷൻ (എംബിഎ )ആണ് കോളേജുകൾക്ക് അംഗീകരിക്കപ്പെട്ട സംവിധാനം. എന്നാൽ സർട്ടിഫിക്കറ്റിൽ പറഞ്ഞ കാലയളവിൽ അംഗീകാരം ലഭിച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ സർട്ടിഫിക്കറ്റുകളും കോഴ്സുകളും മാത്രമാണ് കുവൈത്ത് പരിഗണിക്കുക. നിരവധി ഇന്ത്യക്കാർക്കും മലയാളികൾക്കും തിരിച്ചടിയാണ് ഈ തീരുമാനം. കേരളത്തിൽ നിന്നുൾപ്പെടെ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുമായി കുവൈത്തിലെത്തിയവരിൽ പലർക്കും കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. തിരിച്ചയക്കപ്പെട്ട നാലായിരത്തോളം സർട്ടിഫിക്കറ്റുകളിൽ നിരവധി മലയാളികളുടേതും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.