സംഘർഷസാധ്യത :ഇറാൻ-ഇറാഖ് എന്നിവിടങ്ങളിലേക്ക് യാത്ര പോകരുതെന്ന് ബഹ്റൈൻ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾക്ക് അമേരിക്കൻ മുന്നറിയിപ്പ്

സംഘർഷസാധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൌരൻമാർക്കു ബഹ്റൈൻറെ മുന്നറിയിപ്പ്. നിലവിൽ ഇവിടെയുള്ളവർ മടങ്ങിവരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾക്കു അമേരിക്ക മുന്നറിയിപ്പു നൽകി. മേഖലയിലെ അപകടകരമായ സാഹചര്യവും ഭീഷണികളും കണക്കിലെടുത്താണ് ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളിലുള്ള ബഹ്റൈൻ പൗരൻമാർക്കു മുന്നറിയിപ്പു നൽകിയതെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യം അപകടകരമായതിനാലാണ് മുന്നറിയിപ്പെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇറാഖിലെ ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ യു.എസ് തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബഹ്റൈൻറെ മുന്നറിയിപ്പ്.അതിനിടെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങൾക്കു യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പു നൽകി. ഇറാനുമായി സംഘർഷ സാധ്യത തുടരുന്നതിനാൽ തെറ്റിദ്ധാരണകളോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ അപകടസാധ്യത നിലനിൽക്കുന്നുവെന്നാണ് മുന്നറിയിപ്പ്.