വീണ്ടും മോഡി തന്നെ :പ്രധാന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം അനുകൂലം, കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങി. ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം. 306 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണി 132 സീറ്റുകള്‍ വരെ നേടും. മറ്റുള്ള പാര്‍ട്ടികള്‍ 127 സീറ്റുകള്‍ വരെ നേടുമെന്നും ചാനല്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസ് 24 ന്റെ സർവ്വെ പ്രകാരം ഛത്തിസ്ഗഡിൽ ബിജെപിക്ക് 9 സീറ്റും കോൺഗ്രസിന് 2 സീറ്റും. ദില്ലി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നും ന്യൂസ് 24-ടുഡേ ചാണക്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ മുന്നണി അധികാരം നിലനിര്‍ത്തുമെങ്കിലും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വരുമെന്നുമാണ് ന്യൂസ് 24- ടുഡേ ചാണക്യ പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് 15-16 വരെ സീറ്റുകള്‍ നേടുമെന്ന് ടുഡേ ചാണക്യ പ്രവചിക്കുന്നു. എല്‍ഡിഎഫിന് പരമാവധി നാല് സീറ്റുകള്‍ വരെ ലഭിക്കും. പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിക്കാമെന്ന് പ്രവചിക്കുക വഴി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ടുഡേ ചാണക്യയുടെ സര്‍വ്വേ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ എക്സിറ്റ് പോൾ എന്ന അവകാശവാദത്തോടെ രണ്ട് എക്സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. 287 സീറ്റുകൾ നേടി നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി സി വോട്ടറുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. യുപിഎ 128 സീറ്റുകളും യുപിയിലെ എസ്‍പി, ബിഎസ്‍പി സഖ്യം 40 സീറ്റുകൾ നേടുമെന്ന് സി വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർ 87 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ചുരുക്കത്തിൽ എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127
300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.