ഇറാൻ -അമേരിക്ക സംഘർഷം, കുവൈത്തിൽ കൂടുതൽ യു എസ് സൈനികരെ വിന്യസിക്കാൻ നീക്കം

കുവൈത്ത് സിറ്റി: ഇറാൻ-അമേരിക്ക സംഘർഷ പശ്ചാത്തലത്തിൽ കുവൈത്തിൽ കൂടുതൽ യു.എസ്‌. സൈന്യത്തെ വിന്യസിക്കാൻ നീക്കം. വെള്ളിയാഴ്ച ബഹ്‌റൈനിൽ ചേർന്ന യു.എസ്‌.-ഗൾഫ്‌ ഉന്നതാധികാര യോഗത്തിലാണ് തീരുമാനം.നിലവിൽ അമേരിക്കയുമായി ഒട്ടേറെ പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അമേരിക്കൻ സേനയെ കുവൈത്തിൽ വിന്യസിക്കാനുള്ള നീക്കംനടക്കുന്നത്‌.2003-ൽ ഇറാഖിനുനേരെ യു.എസ്‌. നടത്തിയ സൈനിക നടപടിയുടെ ഭാഗമായി പതിനയ്യായിരത്തോളം യു.എസ്‌. സൈനികരെ കുവൈത്തിൽ വിന്യസിച്ചിരുന്നു. പിന്നീട്‌ ഘട്ടംഘട്ടമായി ഇവരെ പിൻവലിച്ചു. ആരിഫ്‌ ജാൻ ഉൾപ്പെടെയുള്ള കുവൈത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും യു.എസ്‌. സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇതിനുപുറമേയാണ് കൂടുതൽ സൈനികർ കുവൈത്ത്‌ കേന്ദ്രീകരിച്ച്‌ നിലയുറപ്പിക്കുന്നതിന് തീരുമാനമായത്.ഇറാനുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യമാണു കുവൈത്ത്‌. ഇതുകൊണ്ടുതന്നെ യുദ്ധം പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ കുവൈത്തിനും വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവരിക.