ഗൾഫ് മേഖല കടന്നുപോകുന്നത് അതീവ ഗുരുതര സാഹചര്യത്തിലൂടെ :കുവൈത്ത് അമീർ

കുവൈത്ത് സിറ്റി :ഗൾഫ് മേഖല കടന്നുപോകുന്നത് അതീവ ഗുരുതരവും അപകടകരവുമായ സാഹചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീർ. നയതന്ത്ര പ്രതിനിധികൾക്കു ഈ സമയത്ത് ഇരട്ടി ഉത്തരവാദിത്തമുണ്ടെസന്നും മേഖലയിലെ സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും അമീർ പറഞ്ഞു.വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തു നടത്തിയ റമദാൻ സന്ദർശത്തിലാണ് അമീർ ഷെയ്ഖ് അൽഅഹമ്മദ് അൽ ജാബിർ അൽസ്വബാഹ് ഇക്കാര്യം പറഞ്ഞത്. രാജ്യതാൽപര്യം മുൻനിർത്തി ഉണർന്നു പ്രവർത്തിക്കണമെന്നു വിദേശകാര്യമന്ത്രാലയ ജീവനക്കാരെ ഉണർത്തിയ അമീർ മേഖലയിൽ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. നയതന്ത്ര രംഗത്ത് കുവൈത്തിന്റെ പങ്ക് ലോക രാജ്യങ്ങൾ അംഗീകരിച്ചതാണെന്നും ആരുടെയും പക്ഷം ചേരാതെ സമാധാനത്തിനായി നിലകൊള്ളുകയെന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും അമീർ ചൂണ്ടിക്കാട്ടി. കിരീടാവകാശി നവാഫ് അൽ അഹമ്മദ് അൽസ്വബാഹും അമീറിനൊപ്പമുണ്ടായിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അമീറിനെയും കിരീടാവകാശിയെയും സ്വീകരിച്ചു. നാഷനൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരും അമീറിനെ അനുഗമിച്ചു. യോഗത്തിൽ സ്പീക്കർ മർസൂഖ് അൽ ഗാനിമും പങ്കെടുത്തു.