കേരളം ഭാരതത്തിലല്ലെന്ന് തെളിയിച്ചു :മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി സംവിധായകൻ രാജസേനൻ

‘ഭാരതം ബിജെപിയും നരേന്ദ്രമോദിജിയും ചേർന്ന് എടുത്തു കഴിഞ്ഞു. ഇനി ആർക്കും അത് തിരിച്ചു തരില്ല. പിന്നെ ഇൗ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.’ ഇൗ അധിക്ഷേപ വാക്കുകൾ സംവിധായകൻ രാജസേനന്റേതാണ്. ബിജെപി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്റെ രോഷം വ്യക്തമാക്കുകയാണ് അദ്ദേഹം. സ്വന്തം നാടിനെതിരെ ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ലെന്നും രാജസേനൻ പറഞ്ഞു.
രാജസേനന്റെ വാക്കുകൾ ഇങ്ങനെ: ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് എടുക്കുകയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തിൽ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദി ജിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിക്കും തിരിച്ചു നൽകാൻ കഴിയാത്തൊരു അസാമാന്യ വിജയമായിരുന്നു അത്. എന്നാൽ കേരളം ഭാരതത്തിൽ അല്ല എന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും.