ബാലറ്റ് പേപ്പര്‍ വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജിൽ നടക്കുന്ന ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്നു

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ ക്യാംപെയിനുമായി ഒരുകൂട്ടര്‍. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത് പ്രതിപക്ഷത്തെ അനുകൂലിക്കുന്നവരാണ്. ബിജെപി 303 സീറ്റ് നേടിയ അന്തിമ ഫലം പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റിന് കീഴെയാണ് പ്രചാരണം.ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ മാറ്റി പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്നാണ് ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്. അമേരിക്ക പോലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നുണ്ട്.വോട്ടിംഗ് മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്കര്‍ രംഗത്തെത്തിയിരുന്നു.