കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 11മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള ജോലി വിലക്ക് ജൂൺ 1മുതൽ :ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കുവൈത്ത് സിറ്റി :വേനൽ ശക്തമായതോടെ കുവൈത്തിൽ പുറംജോലി വിലക്ക് വരുന്നു ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് വിലക്കേർപ്പെടുത്തുന്നത്. ഈ മാസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സൂര്യതാപം ഏൽക്കുന്ന രീതിയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനും ചെയ്യിപ്പിക്കുന്നതിനും നിരോധനമുണ്ട്. രാജ്യത്ത് ചൂട് കനക്കുന്ന ഈ മൂന്നു മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കാൻ വേണ്ടിയാണ് ഗവൺമെൻറ് മുൻകരുതൽ സ്വീകരിക്കുന്നത് . നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ നിരീക്ഷണം നടത്തും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം നോട്ടീസ് നൽകുകയും പിന്നീട് ആവർത്തിക്കുകയാണെങ്കിൽ ഓരോ തൊഴിലാളിക്കും 100 ദിനാർ വീതം പിഴയായി സ്ഥാപനങ്ങളിൽ നിന്നും ഈടാക്കും. സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിശ്രമത്തിനായി നൽകുന്ന സമയ നഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയയം ആരംഭിക്കുന്നതിന് മുമ്പ്
രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിന് ശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കുവാൻ തൊഴിലുടമയ്ക്ക് അവകാശം ഉണ്ടാകും