മുപ്പത് വർഷം രാജ്യത്തെ സേവിച്ച സൈനികനെ കുടിയേറ്റക്കാരനായി മുദ്രകുത്തി അറസ്റ്റ് ചെയ്തു

മുപ്പത് വർഷം രാജ്യത്തെ സേവിച്ച സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ അടക്കം പങ്കെടുത്ത മുഹമ്മദ് സനോല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. വിദേശിയാണെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സൈന്യത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ബോർഡർ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.
1987 ൽ സനോല്ലയുടെ ഇരുപതാമത്തെ വയസിലാണ് സൈന്യത്തിൽ ചേരുന്നത്. 2017 ൽ സേനയിൽ നിന്നും വിരമിച്ച ശേഷം ആസാം ബോർഡർ പൊലീസിൽ അംഗമായി പ്രവർത്തിക്കുകയായിരുന്നു. രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം.