കുവൈത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നു , അഞ്ചുവർഷത്തിനുള്ളിൽ 1.60 ലക്ഷം പ്രവാസികൾക്ക് ജോലി നഷ്ടമാകും

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കാൻ കുവൈത്ത് ഒരുങ്ങുന്നു. സ്വകാര്യ മേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 1.6 ലക്ഷം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.കുവൈത്തി യുവാക്കളിൽ അഞ്ച് വ‍ര്‍ഷത്തിനുള്ളിൽ ആവശ്യമായ തൊഴിൽ പരിജ്ഞാനം നൽകി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളിൽ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴിൽ നഷ്ടമാകും. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കൾ താല്പര്യം കാണിക്കാറില്ല. അതിനാൽ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകർഷിക്കുന്നതിനായി തൊഴിൽ നിയമ ഭേദഗതി സർക്കാർ പരിഗണനയിൽ ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു. നിലവിലെ കണക്ക് പ്രകാരം അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യ മേഖലയിൽ സ്വദേശികൾ ജോലി ചെയ്യുന്നത്.