അറബ് നാടിന്റെ പ്രതീതി ഉണർത്തി മാവേലിക്കരയിൽ ഈന്തപ്പന കായ്ച്ചു

മാവേലിക്കര: ഗള്‍ഫ് നാടുകളിലെ പ്രതീതി ഉണര്‍ത്തി മാവേലിക്കരയില്‍ ഈന്തപ്പന കായ്ച്ചു. മാവേലിക്കര തഴക്കര സ്വദേശി ജോണിക്കുട്ടിയുടെ വീട്ടിലാണ് ഈന്തപ്പന വിളഞ്ഞത്. അഞ്ച് വര്‍ഷത്തെ പരിപാലനത്തിന് ശേഷമാണ് ഈന്തപ്പനകള്‍ കായ്ക്കുന്നത്. തൈ ഒന്നിന് പതിനയ്യായിരം രൂപയ്ക്കാണ് ജോണിയുടെ മകൻ ഈന്തപ്പന തൈകള്‍ വാങ്ങിയത്. കായ്ക്കുമെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ദിവസേനയുള്ള നനയും പരിചരണവുമൊക്കെയായപ്പോൾ  മാവേലിക്കരയിലും ഈന്തപ്പന വിളവെടുപ്പിന് പാകമായി. സംഭവം കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ജോണിക്കുട്ടിയുടെ വീട്ടില്‍ നിത്യേനയെത്തുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജോണിക്കുട്ടി പറയുന്നു.