ദുബൈയില്‍ മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ചു

ദുബൈയിൽ ആറ് വയസുകാരൻ സ്കൂൾബസിൽ ശ്വാസംമുട്ടി മരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അൽമനാർ ഇസ് ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു. സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍ ബസിൽ ഉറങ്ങിപോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്തവേനലായതിനാൽ കുട്ടി ബസിനകത്ത് വീർപ്പുമുട്ടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടിന് മുന്പ് മദ്രസയില്‍ എത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്. മുന്പും ഗള്‍ഫില്‍ പലയിടത്തും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.