കാറിന് എക്സ് എം പി എന്ന ഫോട്ടോഷോപ്പ് ബോർഡ്‌ നൽകി ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തിനെതിരെ വ്യാജ പ്രചരണം :ചുക്കാൻ പിടിച്ചത് വി ടി ബൽറാം, പി കെ ഫിറോസ് അടക്കമുള്ള യുവ നേതാക്കൾ

തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ ഒരു കാറിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളിനും വഴിവച്ചിരുന്നു. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തിന്‍റ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത്  പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറയുന്നു.
ഇങ്ങനൊരു ബോര്‍ഡ് താനോടിച്ച കാറിനില്ലെന്നാണ് സമ്പത്തിന്‍റെ ഡ്രൈവര്‍ പ്രസാദ് എലം കുളം പറയുന്നത്. മൂന്ന് ദിവസമായി ഞാനാണ് സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് എങ്ങനെ വന്നു ?കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല, പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒന്നും മനസ്സിൽ ആകുന്നില്ല…
എന്താ ഈ ലോകം ഇങ്ങനെ…
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം.
ഇന്ന് സഖാവ് സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.ചിത്രം പ്രചരിച്ചതോടെ വിടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ ഇത് ഏറ്റെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം “പാർലമെന്ററി വ്യാമോഹ”ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്നാണ് ഈ പോസ്റ്റ് വച്ച് വിടി ബലറാം പോസ്റ്റ് ചെയ്തത്.  പല യുഡിഎഫ്, ബിജെപി അനുഭാവികളും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.