ഭൂമിയിലെ കൊടുംചൂട് കുവൈത്തിൽ; രണ്ടാമത് പാക്കിസ്ഥാൻ; 76 വർഷത്തെ ലോക കാലാവസ്ഥ സംഘടനയുടെ പഠനത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്..

1901 മുതല്‍ 2018 വരെ കുവൈത്തിൽ അനുഭവപ്പെട്ട ചൂട് ബ്രിട്ടിഷ് കാലാവസ്ഥാ വകുപ്പിന്റെ കളർസ്ട്രൈപ് ഇമേജിങ് രീതിയിലൂടെ അടയാളപ്പെടുത്തിയപ്പോൾ. നീലയിൽ നിന്നു ചുവപ്പിലേക്കു പോകുമ്പോൾ താപനില കൂടിവരുന്നതായാണു കാണിക്കുന്നത്.

ജനീവ • ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടിക ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) പുറത്തുവിട്ടു. കുവൈത്തിലാണു കൂടുതൽ ചൂട് അനുഭവപ്പെട്ടതെന്നാണു വർഷങ്ങൾ നീണ്ട പഠനത്തിലെ കണ്ടെത്തൽ. രണ്ടാം സ്ഥാനം പാക്കിസ്ഥാനാണ്. 129 ഡിഗ്രി ഫാരൻഹീറ്റാണ് (53.9 ഡിഗ്രി സെൽഷ്യസ്) 2016 ജൂലൈ ഒന്നിനു കുവൈത്തിലെ മിട്രിബായിൽ രേഖപ്പെടുത്തിയ താപനില. 76 വർഷത്തിനിടയിൽ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. തൊട്ടുപിന്നിലുള്ള പാക്കിസ്ഥാനിലെ തർബറ്റിൽ 128.7 ഡിഗ്രി ഫാരൻഹീറ്റും (53.7 ഡിഗ്രി സെൽഷ്യസ്). ഡബ്ല്യുഎംഒ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലകളുടെ പട്ടികയിൽ 2013 ജൂൺ 30ന് കലിഫോർണിയയിലെ ഡെത്ത് വാലിയിലെ ഫർനേസ് ക്രീക്ക് എന്ന പ്രദേശത്ത് രേഖപ്പെടുത്തിയ 129 ഡിഗ്രി ഫാരൻഹീറ്റ് ഇല്ല. 1913 ൽ ഇവിടെ 134 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂട് ഉയർന്നിരുന്നു. ഇതിന്റെ ആധികാരികതയിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായതിനാലാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെടാതിരുന്നത്.