കുവൈത്തിൽ മാല മോഷണം ആരോപിച്ച് പതിനൊന്നു വർഷം പരിചരിച്ച പ്രവാസി യുവതിക്ക് സ്‌പോൺസറുടെ 11വയസ്സുള്ള മകന്റെ ക്രൂര മർദ്ദനം

കുവൈറ്റ് സിറ്റി,  : കുവൈറ്റില്‍ നെക്ലേസ് മോഷ്ടിച്ചെന്നാരോപിച്ച് പ്രവാസി യുവതിയ്ക്ക് സ്‌പോണ്‍റുടെ 11 വയസ്സുകാരനായ മകന്റെ ക്രൂരമര്‍ദ്ദനം . 49 കാരിയായ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളിയായ യുവതിയ്ക്കാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില് വൈറലായിരുന്നു.തന്റെ സഹോദരിയുടെ നെക്ലേസ് ജോലിക്കാരി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കുട്ടി കേള്‍ക്കാന്‍ തയ്യാറിയില്ലെന്ന് പരാതിക്കാരി പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി താന്‍ ഇവരുടെ ലീട്ടില്‍ ജോലി ചെയ്യുന്നുവെന്നും ഇക്കാലയളവില്‍ താന്‍ ഒന്നും മോഷ്ടിച്ചെടുത്തിട്ടില്ലെന്നും പ്രവാസി വനിത പറഞ്ഞു.
തറയില്‍ ചില്ലറകള്‍ കിടക്കുന്നത് കണ്ടിട്ടു പോലും അവയെടുത്ത് താന്‍ ഉടമസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ പറഞ്ഞിട്ടും 11കാരന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവന്‍ തന്റെ കണ്ണുകള്‍ മൂടിക്കെട്ടി. ചവിട്ടി, മുടിയില്‍ പിടിച്ച് വലിച്ചു. പുകവലിച്ചുകൊണ്ട് സ്റ്റീല്‍ ഉപയോഗിച്ച് അടിച്ചു. കഠിനമായ വേദനയില്‍ അലറിക്കരഞ്ഞിട്ടും വിട്ടില്ല . മര്‍ദ്ദനം നിര്‍ത്താന്‍ കരഞ്ഞ് യാചിച്ചെങ്കിലും എതൊന്നും കേട്ടില്ലെന്നും യുവതി പറയുന്നു.
സഹോദരിയുടെ മാല താന്‍ എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. തന്റെ കൈവശമുള്ള സിഗരറ്റ് വലിച്ചു തീരുന്നതിനു മുമ്പ് സത്യം പറഞ്ഞില്ലെങ്കില്‍ തന്നെ കൊന്ന് ഫിലിപ്പൈന്‍സിലേക്ക് തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് താന്‍ ഓടി കുളിമുറിയില്‍ കയറി ഒളിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. 11 വര്‍ഷമായി താന്‍ വളര്‍ത്തിയ കുട്ടി തന്നെ ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് യുവതി പറയുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ സ്‌പോണ്‍സര്‍ കുവൈറ്റിലുണ്ടായിരുന്നില്ല .
ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ശരീരമാസകലം മുറിവേറ്റ താന്‍ സ്‌പോണ്‍സറുടെ മകളോട് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും യുവതി വെളിപ്പെടുത്തി. ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം കുറച്ച് മരുന്നുകള്‍ വാങ്ങി നല്‍കുകയാണ് പെണ്‍കുട്ടി ചെയ്തത്.
തന്റെ മുറിവുകളില്‍ അവര്‍ കുറച്ച് ക്രീമുകള്‍ പുരട്ടി .ആ രാത്രിയില്‍ സഹായം ആവശ്യപ്പെട്ട് താന്‍ ഒരു കുറിപ്പെഴുതി സുഹൃത്തിന് കൈമാറിയെന്നും സുഹൃത്താണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് പുറം ലോകത്തെയും ഫിലിപ്പൈന്‍ എംബസിയെയും അറിയിച്ചതെന്നും ജോലിക്കാരി പറയുന്നു. തന്നെ രക്ഷിക്കാന്‍ എത്തിയ കുവൈറ്റ് പൊലീസിനും എംബസിയ്ക്കും നന്ദി പറയുന്നതായി യുവതി പറഞ്ഞു.