അബ്ദുള്ളക്കുട്ടി ബി ജെ പി യിൽ ചേർന്നു,ബിജെപി യും ന്യൂനപക്ഷങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: നേരത്തെ പ്രതീക്ഷിച്ചത് പോലെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുല്ലക്കുട്ടി ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നാണ് അബ്ദുല്ലക്കുട്ടി അംഗത്വമെടുത്തത്. എന്നെ കോണ്‍ഗ്രസും സി പി എമ്മും പുറത്താക്കിയത് നരേന്ദ്ര മോദിയുടെ വികസനത്തെ അനുകൂലിച്ചതിനാലാണ്. എന്നാല്‍ താന്‍ അടിവരയിട്ട് പറയുന്നു മോദിയുടെ വികസന നയത്തില്‍ ഇന്ത്യ സൂപ്പര്‍ പവറായി വളരാന്‍ പോകുകയാണ്.
നരേന്ദ്ര മോദിയുടെ കൈകളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. രാജ്യത്തിന്റെ പുരോഗതിയും വികസനവും പ്രധാനപ്പെട്ടതാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും തന്റെ ബന്ധുക്കളും വിദ്യാസമ്പന്നരുമെല്ലാം തന്റെ തീരുമാനത്തെ അംഗീകരിക്കുന്നതാണ്.
മോദിയെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ കൈയടിക്കുമെന്ന കാലം മാറുകയാണ്. ദക്ഷിണേന്ത്യയില്‍ മുസ്ലിംങ്ങളും ബി ജെ പിയും തമ്മിലുള്ള അകലം ഇല്ലാതാക്കുകയാണ് തന്റെ ശ്രമമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
പ്രവര്‍ത്തന മേഖല കേരളമാണോ, മറ്റെവിടെയെങ്കിലുമാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഇപ്പോള്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടേയുള്ളുവെന്നും അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. പ്രവര്‍ത്തന മേഖല പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.