ഈമാൻ നഷ്ട്ടപ്പെട്ടു, ഇനി സിനിമയിലേക്കില്ല, ദേശീയ അവാർഡ് ജേതാവ് സൈറ നസീം

ശ്രീനഗര്‍: ആമിര്‍ ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കു സുപരിചിതയായ ദേശീയ അവാര്‍ഡ് ജേതാവ് സൈറാ വാസിം അഭിനയജീവിതം അവസാനിപ്പിക്കുന്നു. സിനിമയുടെ പിന്നാലെ പോയതോടെ ദീനില്‍ (വിശ്വാസം) അകന്നതായും സിനിമ നിര്‍ത്തി ഇനി വിശ്വാസിയായി ജീവിക്കുകയാണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സൈറ വ്യക്തമാക്കി. ഇസ്‌ലാമിക വിശ്വാസങ്ങളില്‍ നിന്ന് താന്‍ അകന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ ഖുര്‍ആന്‍ സുക്തങ്ങള്‍ ഉള്‍പ്പെടെ വിശദീകരിച്ചുള്ള നീണ്ട ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡിലേക്കുള്ള ചുവടുവയ്പ് വലിയ പ്രശസ്തിയിലേക്കുള്ള ജാലകമാണ് തുറന്നത്. വലിയ ജനശ്രദ്ധയും സ്‌നേഹവും ലഭിച്ചു. വിജയത്തിന്റെ പ്രതീകമായി യുവജനങ്ങളുടെ റോള്‍ മോഡലായി ഞാന്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അതല്ല എനിക്ക് വേണ്ടിയിരുന്നത്െന്ന് ഇപ്പോള്‍ മനസിലായി. എന്റെ വ്യക്തിജീവിതത്തില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷവതിയല്ല. ഈ മേഖല എനിക്ക് സ്‌നേഹവും പ്രശസ്തിയും അംഗീകാരവുമെല്ലാം നേടിത്തന്നെങ്കിലും ഞാന്‍ ജോലി ചെയ്യുന്ന സിനിമാ രംഗം വിശ്വാസത്തിന് തടസമായി വന്നു. വിശ്വാസങ്ങള്‍ക്ക് ഭീഷണിയുമായി. ഇതോടെ എന്റെ ഈമാനില്‍ നിന്ന് ഞാന്‍ സാവകാശം അകന്നുപോയി. ഇത് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് എന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്റെ ജീവിതത്തില്‍ ബര്‍ക്കത് (ഐശ്വര്യം) നഷ്ടമായി. ഇക്കാര്യത്തില്‍ എന്നോട് തന്നെ പോരാടിനോക്കിയെയെങ്കിലും ഫലം കണ്ടില്ല. ഇതോടെ സര്‍വശക്തനായ അല്ലാഹുമായി കൂടുതല്‍ അടുത്തു. അല്ലാഹുവില്‍ ആശ്രയം തേടി. ഖുര്‍ആനും ഹദീസും (പ്രവാചക വചനങ്ങള്‍) ആണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും സൈറ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്ലയുദ്ധം ഉപേക്ഷിക്കേണ്ടിവന്ന ഫയല്‍വാന്റെ ജീവചരിത്രം ചിത്രീകരിച്ച ദംഗലിനു പുറമെ, 2017ലെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലും സൈറ വേഷമിട്ടിട്ടുണ്ട്. 2016ല്‍ ഇറങ്ങിയ ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അക്തറും പ്രിയങ്കാ ചോപ്രയും സൈറയോടൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഹൈയസ്റ്റ് ഗ്രോസ്സിംഗ് ഇന്ത്യന്‍ ഫിലിമില്‍ എക്കാലത്തേയ്ക്കുമുള്ള റാങ്ക് നേടുകയും ചെയ്തു. ഇതിലൂടെ പ്രശസ്തിയുടെ ഉന്നതിയിലിരിക്കെയാണ് 19 കാരിയായ നടി സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്.