പ്രവാസി വ്യവസായിക്ക്‌ പിന്തുണയുമായി കുവൈത്തിൽ വൻ ജനകീയ കൂട്ടായ്മ

കുവൈറ്റ് സിറ്റി: കോഴിക്കോട് വേങ്ങേരിയിലെ   സർവീസ് സ്റ്റേഷൻ ഉടമയും പ്രവാസിയുമായ സജി ഭാസ്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുവൈത്തിൽ വൻ ജനകീയകൂട്ടായ്മ. പ്രവാസികളുടെ സംരംഭങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെ ചെറുത്തു തോൽപിക്കണമെന്ന് കൂട്ടായ്മ ആഹ്വാനം ചെയ്തു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവാസി വ്യവസായിക്ക് പിന്തുണയുമായി കുവൈത്തിലുള്ള മലയാളികൾ ഒരുമിച്ച് ചേർന്നത്. കോഴിക്കോട് വേങ്ങേരി തണ്ണീർപന്തൽ റോഡിൽ നാലുവർഷം മുമ്പ് സർവീസ് സ്റ്റേഷൻ സ്ഥാപിച്ചതാണ് സജി ഭാസ്കറിനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളി ആക്കിയത്. പ്രാദേശിക സിപിഎം നേതൃത്വം പദ്ധതിക്കെതിരെ രംഗത്ത് വരികയും ഡിവൈഎഫ്ഐ കൊടി നാട്ടുകയും ചെയ്തു. വാട്ടർ റീസൈക്ലിങ് സംവിധാനവും മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരവും ലഭിച്ച പ്രോജക്ട് സമീപത്തെ പുഴയിലെ ജലത്തെ മലിനപ്പെടുത്തുമെന്ന വിചിത്രമായ വാദമാണ് പ്രാദേശിക നേതൃത്വം ഉന്നയിച്ചത്. എല്ലാവരെയും ബാധിക്കുന്ന പൊതു പ്രശ്നം എന്ന രീതിയിൽ പ്രവാസികൾ ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള പ്രവണതകളെ പ്രതിരോധിക്കണമെന്ന് കുവൈത്തിൽ  നടന്ന യോഗം ആഹ്വാനം ചെയ്തു. വ്യവസായിക്ക്‌ പിന്തുണയുമായി അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ നടന്ന കൂട്ടായ്മയിൽ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംഘടനാ നേതാക്കളും റെജി ഭാസ്കറിന് പിന്തുണയുമായി പങ്കെടുത്തു. സർവീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 15 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.