ചാരിറ്റിയുടെ മറവിൽ ക്രമക്കേട് :പ്രതിഷേധമറിയിച്ച് ജീവകാരുണ്യ സംഘടനയിൽ നിന്നും ദേശീയ പവർ ലിഫ്റ്റിങ് താരം രാജിവെച്ചു.

കുവൈത്ത് സിറ്റി :

ക്രമക്കേട്‌ ആരോപിച്ച്‌ ജീവകാരുണ്യ സംഘടനയില്‍നിന്ന്‌ ദേശീയ പവര്‍ലിഫ്‌റ്റിങ്‌ താരത്തിന്റെ രാജി. സേവ്‌ എ ചൈല്‍ഡ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ വേള്‍ഡ്‌ അംബാഡറും കോഴിക്കോട്‌ സ്വദേശിയുമായ മജ്‌സിയ ബാനുവാണ്‌ രാജിവച്ചത്‌.
നിര്‍ധനരെ സഹായിക്കാന്‍ പ്രവാസികളില്‍നിന്നടക്കം ശേഖരിച്ച സഹായങ്ങള്‍ നിക്ഷിപ്‌ത താല്‍പര്യക്കാര്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതായും സംഘടനയുടെ മറവില്‍ നിഷ്‌കളങ്കരെ കബളിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണു രാജി. കുട്ടികളുടെയും സ്‌ത്രീകളുടെയും ക്ഷേമത്തിനായാണു 2004-ല്‍ സേവ്‌ എ ചൈല്‍ഡ്‌ ഫൗണ്ടേഷന്‍ ആരംഭിച്ചത്‌. അര്‍ഹരായവര്‍ക്കുപോലും സഹായം നല്‍കാതെ വാര്‍ത്താപ്രധാന്യമുള്ള വിഷയങ്ങളില്‍മാത്രമാണു ജീവകാരുണ്യപ്രവര്‍ത്തനം. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെ ചതിക്കുന്ന നിലപാടാണു സംഘടനയുടേത്‌. ഇതു ചോദ്യംചെയ്‌തപ്പോള്‍ തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുകയാണ്‌ ഇവര്‍ ചെയ്‌തതെന്നും മജ്‌സിയ ബാനു ആരോപിച്ചു.
സംഘടനയില്‍ അംഗത്വമെടുക്കുന്നവര്‍ മണി ചെയിന്‍പോലെ മറ്റു മൂന്നുപേരെക്കൂടി ചേര്‍ക്കണമെന്ന നിബന്ധനയുണ്ടെന്നും ബാനു പറഞ്ഞു. സ്‌ത്രീധനം വാങ്ങിച്ചുനല്‍കാന്‍വരെ സംഘടന ഇടപെടുന്നുണ്ട്‌.
അനാവശ്യകാര്യങ്ങള്‍ക്കായി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ കൈപ്പറ്റുന്ന തുക വിതരണം ചെയ്ുന്നുമയില്ല. ഇക്കാര്യങ്ങള്‍ ചോദ്യംചെയ്‌തതോടെയാണ്‌ തന്നെ ആരോപണനിഴലിലാക്കാന്‍ ചില സംഘടനാഭാരവാഹികള്‍ ശ്രമിച്ചതെന്നു മജ്‌സിയ ബാനു പറഞ്ഞു. ക്രമക്കേടുകള്‍ മനസിലാക്കി പിന്നണി ഗായിക പ്രിയ അച്ചു, നൂറുദ്ദീന്‍ ഷെയ്‌ഖ്‌ വയനാട്‌ എന്നിവര്‍ നേരത്തെ തന്നെ സംഘടന വിട്ടിരുന്നു. സംഘടനയുടെ പേരില്‍ താന്‍ യാതൊരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു ഹാജരാക്കണമെന്നും മജ്‌സിയ പറഞ്ഞു.