ഉടമകളെ കാത്തു കുവൈത്തിലെ ബാങ്കുകളിൽ കെട്ടികിടക്കുന്നത് 10കോടി ദിനാർ, നിക്ഷേപിച്ചു പത്തു വർഷമായിട്ടും പണം പിൻവലിക്കാത്തവരിൽ നിരവധി പ്രവാസികളും..

കുവൈറ്റ് സിറ്റി :കുവൈത്തിലെ ബാങ്കുകളിൽ ഉടമകളെ കാത്ത് 10 കോടിയിലേറെ ദീനാർ കെട്ടിക്കിടക്കുന്നു. പത്ത് വർഷത്തിലധികമായി ഉടമകൾ പണം പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയും ചെയ്യാത്ത അക്കൗണ്ടുകളാണിത്. ഓഹരി വിപണികളിലും മറ്റുമായി വർഷങ്ങൾക്കുമുമ്പ് നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതം ഓരോ അക്കൗണ്ടുകളിലും കുമിഞ്ഞുകൂടുന്നുണ്ട് . കുവൈത്ത് നിയമപ്രകാരം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ നിക്ഷേപകരെ കണ്ടെത്തുവാൻ ബാങ്കുകളും ബുദ്ധിമുട്ടുകയാണ്. കുവൈത്തിൽ നിന്നും പലവിധ കാരണങ്ങളാൽ നാടുവിട്ടു പോകേണ്ടിവന്ന പ്രവാസികളുടെ അക്കൗണ്ടുകളിലും പണം കെട്ടിക്കിടക്കുന്നുണ്ട്. ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ബാങ്കിൽ എത്തുകയും ഉടമകള് കൈപ്പറ്റാതിരിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലും പണം ബാങ്കുകളിൽ ബാക്കിയാവുകയാണ്.