ജയ് ശ്രീറാം വിളിക്കാൻ കഴിയില്ലെങ്കിൽ അടൂർ ചന്ദ്രനിൽ പോകേണ്ടിവരും :, ബി ജെ പി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം, വിഖ്യാത സംവിധായകന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണന്‍ പറ‍ഞ്ഞു.  ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഗോപാലകൃഷ്ണന്റെ പോസ്റ്റ് വൻ വിവാദത്തിന് കാരണമായിരുന്നു.

ഇതോടെയാണ്  ബിജെപി നേതാവിന്റെ വർഗീയ പരാമർശത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ട്.