ഇറാഖിൽ വൻ ശവക്കൂന കണ്ടെത്തി :ഗൾഫ് യുദ്ധത്തിൽ കാണാതായ കുവൈത്തികളുടേതെന്ന് സൂചന

കുവൈത്ത് സിറ്റി: ഇറാഖിലെ മുത്തന്നയിൽ വൻ ശവക്കൂന കണ്ടെത്തിയതായി അൽ മുത്തന്ന പ്രോവിൻസ് ഗവർണർ അഹമ്മദ് മൻഫി വെളിപ്പെടുത്തി.
1990 ൽ കാണാതായ കുവൈത്തികളുടേതാണ് എന്നാണ് നിഗമനം. കുവൈത്ത് അധിനിവേശത്തെ തുടർന്ന് സദാമിന്റെ സേന പിടിച്ചു കൊണ്ടു പോയ കുവൈത്തികളുടേതാണ് ഈ ശവക്കൂന എന്നാണ് കണക്കാക്കുന്നത്.
പ്രാദേശിക സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് നിരവധി ശവക്കൂനകൾ അൽ മുത്തന്നയിൽ കണ്ടെത്തിയതെന്ന് ഗവർണ്ണർ മൻഫി പറഞ്ഞു.1990 ൽ ഇറാഖി സേനയുടെ അധിനിവേശത്തിനിടയിൽ കുവൈത്തിൽ നിന്നും പിടിച്ചു കൊണ്ടു പോയവരെ തേടി രാജ്യാന്തര തലത്തിൽ കുവൈത്ത് തീവ്ര ശ്രമത്തിലായിരുന്നു. എന്നാൽ ഇതിനിടയിൽ ഇറാഖിൽ കണ്ടെത്തിയ ശവശരീരങ്ങൾ ഡി എൻ എ പരിശോധന നടത്തി കുവൈത്തികളുടേത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞു.1990 ൽ കാണാതായവരിൽ കുവൈത്ത് സ്വദേശികളും അല്ലാത്തവരുമുണ്ട്. പുതിയതായി കണ്ടത്തിയ ശവക്കൂനകൾ കാണാതായവരെ സംബന്ധിക്കുന്ന വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.