ദുർഗന്ധപൂരിതമായി അബ്ബാസിയ: വിദേശികളെ കുടിയൊഴിപ്പിച്ചേക്കും

കുവൈറ്റ് സിറ്റി

മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയിൽ മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ. അബ്ബാസി യുടെയും ഹസാവിയ യുടെയും ഉൾഭാഗങ്ങളിലാണ് വാസയോഗ്യമല്ലാത്ത രീതിയിൽ ദുർഗന്ധവും മാലിന്യങ്ങളും അവശേഷിക്കുന്നത്. ഓടകളിൽ മാലിന്യം നിറഞ്ഞതോടെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും റോഡിൽ തന്നെ. കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ ജലീബിൽ പകർച്ചവ്യാധികൾക്ക്‌ കാരണമാകുമെന്ന് പാർലമെൻറ് സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടെ നല്ലൊരു ശതമാനം മലയാളികളും തിങ്ങി താമസിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ അബ്ബാസിയയിലെ മാലിന്യപ്രശ്നം പാർലമെൻറിൽ ചർച്ചയായി മാറി. മാലിന്യപ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് സ്വാലിഹ് ആശൂൻ എംപി ആവശ്യപ്പെട്ടു. അതേസമയം മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി  വിദേശികളെ അബ്ബാസിയയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനെ കുറിച്ചാണ് പാർലമെന്റിൽ ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ഇത്രയധികം ജനങ്ങളെ ഒഴിപ്പിക്കാൻ പറ്റിയ ഇടം കണ്ടെത്താൻ കഴിയാത്തതാണ് സർക്കാറിനെ കുഴക്കുന്നത്.