രാജ്യമെങ്ങും പ്രതിഷേധം : ഉന്നാവ് എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി

ഉന്നാവ് പീഡനക്കേസ് പ്രതിയായ എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്ങാണ് നടപടിയെടുത്തത്. പീഡനക്കേസ് ഇര സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് സസ്പെൻഷൻ.
കേസ് പിൻവലിക്കാന്‍ കുൽദീപ് സിങിന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിയുണ്ടായി. ഭീഷണിയെ തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്.ദുരൂഹമായ വാഹനാപകടത്തിൽ പരുക്കേറ്റ ഉന്നാവ് പീഡനക്കേസ് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലക്്നൗവിലെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പെൺകുട്ടിയെ എത്രയും വേഗം ഡൽഹിയിലേക്ക് മാറ്റണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.