ഗതാഗത നിയമലംഘനം : ഫയലുകൾ ബ്ലോക്ക്‌ ചെയ്യപ്പെട്ട ഡ്രൈവർമാർക്ക് പിഴ അടച്ചു ശിക്ഷ ഒഴിവാക്കാൻ അവസരം

കുവൈത്ത്‌ സിറ്റി :ഗതാഗത നിയമ ലംഘനങ്ങളെ തുടർന്ന് ഫയലുകൾ ബ്ലോക്ക്‌ ചെയ്യപ്പെട്ട ഡ്രൈവർമ്മാർക്ക്‌ പിഴ അടച്ച്‌ ശിക്ഷ ഒഴിവാക്കുന്നതിനു ആഭ്യന്തരമന്ത്രാലയം അവസരം ഒരുക്കിയതായി ഗതാഗത വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ജമാൽ അൽ സായഘ്‌ വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ സംബന്ധിച്ച്‌ ജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി അവന്യൂസ്‌ മാളിൽ ഒരുക്കിയ പ്രദർശ്ശന ഹാളിൽ ആണു ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ഈ ഞായറാഴ്ച ആരംഭിച്ച പരിപാടി ഈ വ്യാഴാഴ്ച (1.08.19 ) വരെ കാലത്ത്‌ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ ഉണ്ടായിരിക്കുന്നതാണു.സിഗ്നൽ ലംഘനം , വേഗപരിധി ലംഘിക്കൽ മുതലായ ഗുരുതരമായ കുറ്റങ്ങളെ തുടർന്ന് ഫയൽ ബ്ലോക്ക്‌ ചെയ്യപ്പെട്ടവർക്കും വാഹനം പിടിച്ചടക്കപ്പെട്ട വാഹന ഉടമകൾക്കും പിഴ അടച്ച്‌ മറ്റു ശിക്ഷകളില്ലാതെ കേസുകളിൽ നിന്ന് വിടുതൽ വാങ്ങുവാനും പ്രദർശ്ശനത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. എന്നാൽ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ലാതെ വാഹനം ഓടിക്കൽ , അനധികൃത ടാക്സി സർവ്വീസ്‌ മുതലായ കുറ്റങ്ങളിൽ അകപ്പെട്ട്‌ കേസ്‌ നേരിടുന്നവർക്ക്‌ ഈ ആനുകൂല്യം ബാധകമല്ല.ഇവ ഒഴികെയുള്ള മറ്റു ഗതാഗത നിയമ ലംഘനങ്ങളിൽ അകപ്പെട്ടവർക്ക്‌ പിഴ അടച്ച്‌ നിമിഷങ്ങൾക്കകം ഫയലുകളിൽ ഏർപ്പെടുത്തിയ ബ്ലോക്ക്‌ നീക്കുവാനും കണ്ട്‌ കെട്ടിയ വാഹനം പുറത്തിറക്കാൻ സാധിക്കുമെന്നും അദ്ധേഹം അറിയിച്ചു.അനധികൃത ഇടങ്ങളിൽ പാർക്ക്‌ ചെയ്യുന്ന വാഹങ്ങളെ കണ്ടെത്തുന്നതിനു മന്ത്രാലയം ആരംഭിക്കുന്ന കേമറ ഘടിപ്പിച്ച പ്രത്യേക പോലീസ്‌ വാഹനങ്ങളുടെ പ്രദർശ്ശനവും പരിപാടിയിൽ ഉണ്ടായിരിക്കും. ഇവ റോഡിലിറക്കുന്നതിനു മുന്നോടിയായി ഇത്‌ സംബന്ധിച്ച്‌ പൊതു ജനങ്ങളിൽ അവബോധം വളർത്തുക എന്നത്‌ കൂടിയാണു പരിപാടിയുടെ മറ്റൊരു ലക്ഷ്യം എന്നും ജമാൽ സായഘ്‌ കൂട്ടിചേർത്തു.