ഉമർ അബ്ദുല്ല, നിങ്ങൾ ഒറ്റക്കല്ല :കശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ

ന്യൂഡൽഹി: കശ്മീരിൽ സർക്കാർ വീട്ടുതടങ്കലിലാക്കിയ നേതാക്കൾക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. എല്ലാ ഇന്ത്യൻ ജനാതിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കൾക്കൊപ്പം നിൽക്കുമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. സർക്കാർ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതാണ് തരൂരിന്റെ ട്വീറ്റ്.
ഒമർ അബ്ദുള്ള, നിങ്ങൾ ഒറ്റക്കല്ല.. നമ്മുടെ രാജ്യത്തിന് സർക്കാർ എന്ത് കരുതി വെച്ചാലും ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കൾക്കൊപ്പം നിൽക്കും. പാർലമെന്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, അതിനാൽ നമ്മുടെ ശബ്ദം നിശ്ചലമാകില്ല- തരൂർ ട്വീറ്റ് ചെയ്തു.
ഒരു തെറ്റും ചെയ്യാത്ത കശ്മീർ നേതാക്കന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ തരൂർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ജമ്മുകശ്മീരിൽ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു.
ഞായറാഴ്ച അർധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കശ്മീർ വിഷയം ഉയർത്തി പാർലമെന്റ് പ്രക്ഷുബ്ദമാക്കാനാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കമെന്നാണ് തരൂരിന്റെ ട്വീറ്റ് സൂചന നൽകുന്നത്. മുൻ മുഖ്യമന്ത്രിമാർക്ക് പുറമെ സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഉസ്മാൻ മജീദ് എന്നിവരും അറസ്റ്റിലാണ്.