കുവൈത്തിൽ മത്സ്യമാർക്കറ്റിലെ ലേലത്തിൽ നിന്നും പ്രവാസികളെ ഒഴിവാക്കി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ ലേലത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മന്ത്രാലയ തീരുമാനം 216/2014 മായി ബന്ധപ്പെട്ട് പുതിയ സര്‍ക്കുലര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതിനും മത്സ്യത്തിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവരെ പിന്തിരിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ വ്യവസ്ഥയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

മത്സ്യമാര്‍ക്കറ്റുകളില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഒരു ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ ലേലം കൃത്യമായി നടക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലേലത്തില്‍ പങ്കെടുക്കുന്ന ലൈസന്‍സുള്ള എല്ലാ ആളുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കൈവശം കരുതിയിരിക്കണം . തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ നിര്‍ദ്ദിഷ്ട ഫീസ് അടച്ചതിനു ശേഷം അവ മന്ത്രാലയത്തില്‍ നിന്നും കൈപ്പറ്റണം .
എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യത്തിന്റെ വിലയും ഗുണനിലവാരവും രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും ലേല കണക്കുകള്‍ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ മന്ത്രാലയ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പ്രവാസികള്‍ക്കും ,ലൈസന്‍സില്ലാത്തവര്‍ക്കും ലേലം അവസാനിക്കുന്നതു വരെ ലേലം നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാനും അനുവാദമുണ്ടായിരിക്കില്ല .