കാപട്യം പൊളിയുന്നു, നാഗാലാന്റിന് നൽകുന്ന പ്രത്യേക അധികാരം റദ്ദാക്കാനുള്ള ശ്രമങ്ങളെ ചെറുക്കും:ബി ജെ പി

നാഗലാന്‍റിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 371 എ വകുപ്പ് റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നാഗാലാന്‍റിലെ ബിജെപി. നാഗാലാന്‍റ് ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമനയാണ് നാഗലാന്‍റ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് നാഗാലാന്‍റിന് പ്രത്യേക അധികാരം നല്‍കുന്ന 371 എ വകുപ്പും ചര്‍ച്ചയായത്. 371 എ വകുപ്പ് റദ്ദാക്കാന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ​ഗവർണർ ആർഎൻ രവിയും പ്രതികരിച്ചിരുന്നു.
കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിെ അംഗീകരിക്കുന്നു. എന്നാല്‍ അതേ രീതിയില്‍ നാഗാലാന്‍റിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കും. ഇതുമായി ബന്ധപ്പെട്ട് നാഗ ജനതയുടെ സംശയങ്ങളും, ഭയവും, പരാതിയും എല്ലാം തന്നെ നേതാക്കളുമായി പങ്കുവെച്ചിട്ടുണ്ട്. അവർ നാഗ ജനതയുടെ മൗലികമായ ചരിത്രത്തെ ബഹുമാനിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ടിംമജന്‍ ഇംമന നിയമസഭയിൽ പറഞ്ഞു. പ്രത്യേക പദവി പ്രകാരം സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കം നാഗാലാന്‍റില്‍ വേറെ നിയമങ്ങളാണ് (നാഗാ കസ്റ്റമറി ലോ) നടപ്പാക്കുന്നത്.സ്വത്ത് കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യന്‍ യൂണിയനില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് നാഗാലാന്‍റിനുള്ളത്. ‘ഒരു രാജ്യം ഒരു നിയമം’ എന്ന മുദ്രവാക്യം നാഗാലാന്‍റിന് ഭീഷണിയാകുമെന്ന് ആശങ്കയുയർന്നിരുന്നു. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ആര്‍ട്ടിക്കിള്‍ 371ല്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ ഈ വാദത്തെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചോദ്യം ചെയ്യുന്നുണ്ട്.