പ്രവാസികൾ ഇനി കൂടുതൽ പണം മുടക്കേണ്ടി വരും :കുവൈത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിക്കുന്നു.

കുവൈത്ത്‌ സിറ്റി:

അടുത്ത വർഷം ജനുവരി മുതൽ  രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌ ഗണ്യമായി വർദ്ധിപ്പിക്കുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ചു  പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌ വർദ്ധിപ്പിക്കുന്നതിനു മന്ത്രാലയം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്‌ നടപ്പിലാക്കിയിരുന്നില്ല. 2020 ജനുവരി തുടക്കത്തിൽ‌ തന്നെ പുതിയ ഫീസ്‌ നടപ്പിലാക്കുമെന്നാണു സൂചന. ആദ്യത്തെ രണ്ട് വർഷം (2020/2021) വർഷത്തേക്ക്‌ ഒരാൾക്ക്‌ 130 ദിനാറും , 2022/2023 എന്നീ വർഷങ്ങളിൽ വർഷത്തേക്ക്‌ 150 ദിനാറും 2026 / 2027 വർഷങ്ങളിൽ ഒരു വർഷത്തേക്ക്‌ 190 ദിനാറും എന്നിങ്ങനെയായി ഘട്ടം ഘട്ടമായി വർദ്ധനവ്‌ വരുത്താനാണു മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ ഒരു വർഷത്തേക്ക്‌ 50 ദിനാറാണു ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌.അടുത്ത വർഷം ആദ്യം മുതൽ വിദേശികൾക്ക്‌ മാത്രമായുള്ള ചികിൽസാ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതാണു. ഇതോട്‌ അനുബന്ധിച്ച്‌ തന്നെ ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌ ഉയർത്തുവനായിരിക്കും മന്ത്രാലയം ഉദ്ദേശിക്കുന്നത്‌.അങ്ങിനെയെങ്കിൽ 5 വർഷത്തിനകം നിലവിലെ നിരക്കിനേക്കാൾ നാലു ഇരട്ടിയാകും പുതുക്കിയ നിരക്ക്‌.സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇൻഷുറൻസ്‌ ഫീസ്‌ തൊഴിലുടമ നൽകണമെന്നാണു ചട്ടം. എന്നാൽ ബഹു ഭൂരി ഭാഗം പ്രവാസികളും സ്വന്തം കയ്യിൽ നിന്ന് എടുത്താണു ആരോഗ്യ ഇൻഷുറൻസ്‌ ഫീസ്‌ അടച്ചു വരുന്നത്‌.പുതിയ തീരുമാനം സാധാരണക്കാരായ പ്രവാസികളെയാകും പ്രതികൂലമായി ബാധിക്കുക.