കനത്ത മഴയിൽ കേരളം വിറയ്ക്കുന്നു :വ്യാപക നാശം

കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മൂന്നാറില്‍ വെളളം പൊങ്ങി. വീടുകളില്‍ വെളളം കയറി. വാഹനങ്ങള്‍ മുങ്ങി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം തകർന്നു.മറയൂർ പൂർണമായും ഒറ്റപ്പെട്ടു. മറയൂർ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോൺ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി. ശക്തമായ മഴയും കാറ്റും ഒരുപോലെ തുടരുകയാണ്. കരകവിഞ്ഞ് ഒഴുകുന്ന പമ്പാനദിയിൽ ശക്തമായ ഒഴുക്കാണ് അരയാഞ്ഞലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. പെരുന്തേനരുവി ഡാം കവിഞ്ഞൊഴുകുകയാണ്.
കോട്ടയം ജില്ലയിൽ കനത്ത മഴ. രണ്ടിടത്ത് ഉരുൾപൊട്ടി. പെരുവന്താനത്തും ഈരാറ്റുപേട്ടയിലുമാണ് ഉരുൾ പൊട്ടൽ. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറി. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. കോഴിക്കോട് അടിവാരത്ത് ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം. കോഴിക്കോട്– മൈസൂരു ദേശീയപാതയില്‍ മുത്തങ്ങയില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളില്‍ ഉരുള്‍പൊട്ടി.