ദുരിതമനുഭവിക്കുന്ന പ്രിയ നാടിനൊപ്പം :വിവാഹ സൽക്കാര തുക മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറി കുവൈത്ത് മലയാളി

കുവൈത്ത്‌ സിറ്റി : കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിൻറെ പശ്ചാത്തലത്തിൽ തന്റെ വിവാഹത്തോട്‌ അനുബന്ധിച്ച്‌ നടത്താനിരുന്ന സൽക്കാരം ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കുവാൻ തീരുമാനിച്ച്‌ കൊണ്ട്‌ കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറാണ് മാതൃകാപരമായ ഈ തീരുമാനം കൈകൊണ്ടത്.
മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് അമ്പാടിയിൽ രാമചന്ദ്രൻ നായരുടെയും ശാന്തമ്മയുടെയും മകനായ സന്തോഷ് കുമാറിന്റെയും ഗൂഡല്ലൂർ തുറപള്ളി പുത്തൻവീട്ടിൽ ദേവേന്ദ്രൻറെയും സത്യഭാമയുടെ മകൾ അമോദിനിയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 17ന് ആണ് നടക്കുക. എന്നാൽ വിവാഹം ചടങ്ങുകളിൽ മാത്രമായി ഒതുക്കി സൽക്കാരം ഒഴിവാക്കി പൂർണ്ണമായും ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുവാൻ ആണ് സന്തോഷും കുടുംബാംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്.
തൻറെ നാട്ടുകാർ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട്‌ കഴിയുമ്പോൾ സൽക്കാരം ഒഴിവാക്കി ആ തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ തീരുമാനിച്ചുവെന്ന് സന്തോഷ് കുമാർ ഫേസ്ബുക്ക്കിലൂടെ അറിയിച്ചു.വിവാഹ സൽക്കാരത്തിനു ക്ഷണിക്കപ്പെട്ടവരോട്‌ സന്തോഷ്‌ കുമാർ ഫേസ്‌ ബൂക്കിലൂടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.