പ്രളയം തകർത്ത നിലമ്പൂരിന് സഹായ ഹസ്തവുമായി കുവൈത്തിലെ നിലമ്പൂർ നിവാസികൾ :400 കിലോ ഗ്രാം വസ്ത്രം ഇന്ന് നാട്ടിലേക്ക് അയക്കും

 

കുവൈത്ത്‌ സിറ്റി: പ്രളയം കാരണം ദുരിതമനുഭവിക്കുന്ന നിലമ്പൂർ നിവാസികൾക്ക്‌ താങ്ങായി കുവൈത്തിൽ നിന്നും നാട്ടുകാരുടെ സഹായ ഹസ്തം. കുവൈത്തിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ അസോസിയേഷൻ കുവൈത്ത്‌ , വാട്സ്‌ ആപ്പ്‌ കൂട്ടായ്മയായ കുവൈത്ത്‌ മലയാളി അസോസിയേഷൻ എന്നിവയുടെ അംഗങ്ങൾ ചേർന്നാണു സ്വന്തം നാട്ടിൽ ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ പെട്ട്‌ ദുരിതത്തിൽ ആയവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്‌.അംഗങ്ങളിൽ നിന്ന് മാത്രമായി സ്വരൂപിച്ച തുക ഉപയോഗിച്ച്‌ പുതു വസ്ത്രങ്ങൾ വാങ്ങി നാട്ടിലേക്ക്‌ അയക്കുകയാണു ഈ കൂട്ടായ്മയിലെ അംഗങ്ങൾ.ആദ്യ ഘട്ടത്തിൽ സ്വരൂപിച്ച തുക കൊണ്ട്‌ വാങ്ങിയ 400 കിലോ ഗ്രാം വസ്ത്രങ്ങൾ ഇന്ന് എയർ കാർഗ്ഗോ വഴി നാട്ടിലേക്ക്‌ അയക്കും.2800 ഓളം ദിനാറാണു ഇതിനായി ചെലവഴിച്ചത്‌. നിലവിൽ നാട്ടിലുള്ള കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇവ കേമ്പുകൾ കേന്ദ്രീകരിച്ച്‌ വിതരണം ചെയ്യുക.ബാബു നിലമ്പൂർ , ജോസഫ്‌ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണു കുവൈത്തിലെ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി വരുന്നത്‌.