ദുരിതാശ്വാസ മണി ബോക്സ്‌ :മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആദർശ് ആർ എ കുവൈത്ത് പ്രവാസിയുടെ മകൻ

 

കുവൈത്ത് സിറ്റി :

2018ലെ പ്രളയാനന്തരമായിരുന്നു ക്ഷണപ്രകാരം ആദർശ് കേരള മുഖ്യമന്ത്രിയെ കാണാനെത്തിയത്.വെറുംകൈയ്യോടെ ആയിരുന്നില്ല ആ സമാഗമം ഒരു വർഷമായി ആദർശ് ശേഖരിച്ചു പോന്ന കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി ആണ്ട് പോയ കേരളത്തെ കൈ പിടിച്ചുയർത്തുന്ന മുഖ്യമന്ത്രിയുടെ കൈകളിലേക്ക് ‘അണ്ണാറക്കണ്ണനും തന്നാലായത്’ പോലെ ഒരു താങ്ങായി ആദർശ് ആ സമ്പാദ്യം സമർപ്പിച്ചു. ഏറെ നേരം മുഖ്യനോടൊപ്പം ചിലവഴിച്ച ആദർശ് മനസ്സിൽ ചില കണക്ക് കൂട്ടലുകളുമായിട്ടായിരുന്നു വീട്ടിലെത്തിയത്. വൃന്ദാവൻ സ്കൂളിലെ അക്കാദമിക അക്കാദമി കേതര പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിൽക്കുന്ന ഈ മിടുക്കൻ സഹജീവികളെ സഹയാത്രികരോടൊപ്പം എങ്ങിനെ സഹായിക്കാം എന്ന് ചിന്തിച്ചു…അവന്റെ മനസ്സിൽ രൂപം കൊണ്ട പ്രോജക്ട് ആയിരുന്നു. ‘ദുരിതാശ്വാസ മണി ബോക്സ് ‘

ഓരോ വിദ്യാലയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരോ മണി ബോക്സ് സ്ഥാപിക്കുക വർഷാവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് സമർപ്പിക്കുക. ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന സ്കൂളുകൾക്ക് ബഹുമതിപത്രം നല്കുക. വിശിഷ്ട വ്യക്തികൾ അത് കുട്ടികൾക്ക് നല്കുക. കുഞ്ഞുകൈകൾ സ്വരുക്കൂട്ടുന്ന വലിയ സമ്പാദ്യമെന്ന നല്ലപാഠം ആദർശ് സമഗ്രമായി ഈ മാസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചു. ഇനി ഉത്തരവിറങ്ങാനുള്ള കാത്തിരിപ്പിലാണ്.കേരളത്തിലെ വിദ്യാലയങ്ങളിൽ ആദർശിന്റെ മനസ്സിൽ വിരിഞ്ഞ സഹജീവി സ്നേഹം യാഥാർഥ്യമാകുന്ന ദിനത്തിനായുള്ള കാത്തിരിപ്പ്.കുവൈത്ത് മെഹ്ബൂലയിൽ താമസിക്കുന്ന രമേശൻ നായരുടെ മകനാണ് ആദർശ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ ഈ കൊച്ചു മിടുക്കൻ കയ്യടിനേടുമ്പോൾ പിതാവ് രമേശൻ നായരും ആത്മസംതൃപ്തിയുടെ നിമിഷങ്ങളിലാണ്.