പ്രളയം: സഹായഹസ്തവുമായി കല കുവൈത്ത്, ആദ്യഘട്ടമായി 10 ലക്ഷം രൂപ നൽകി

കുവൈറ്റ് സിറ്റി:

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും പ്രകൃതിഷോഭങ്ങളിലും പെട്ട് കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കേരള ജനതക്ക് കൈത്താങ്ങായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്. ആദ്യഘട്ട സഹായം എന്ന രീതിയിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുവെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഒരു കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാലറി ചാലഞ്ച് വകയിലും കല കുവൈറ്റ് നൽകിയത്.

തുടർച്ചയായ രണ്ടാം വർഷവും ഉണ്ടായ ദുരന്തത്തിൽ കനത്ത നാശമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സംവിധാനങ്ങളും, സന്നദ്ധ സംഘങ്ങളും, നാട്ടുകാരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലും ആളുകളെ തെറ്റിദ്ധരിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്നതിനുള്ള ശ്രമങ്ങൾ ചില ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇത്തരം ആളുകളെ ഒറ്റപ്പെടുത്തണമെന്നും, നമ്മുടെ നാടിനെ കൈ പിടിച്ചുയർത്താൻ ഗവൺ‌മെന്റിന്റെ ഭാഗത്തു നിന്നും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷത്തേതു പോലെ കൈയയച്ചുള്ള സഹായങ്ങൾ നൽകി പ്രവാസലോകം കൂടെ നിൽക്കണമെന്നും കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു. ഇതിനു വേണ്ടി കല കുവൈറ്റ് പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്നും, ഈ ദൗത്യത്തിൽ കുവൈറ്റിലെ മറ്റ് പ്രവാസി സംഘടനകളും, പ്രവാസി വ്യവസായികളും മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളികൾ ആകണമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്ത്, ജനറൽ സെക്രട്ടറി ടി.കെ.സൈജു എന്നിവർ അഭ്യർത്ഥിച്ചു.