ഓമനക്കുട്ടൻ കള്ളനല്ല :അന്തസുള്ള പൊതുപ്രവർത്തകനാണ് മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു.

ദുരിതാശ്വസ ക്യാമ്പിൽ നിന്നും പണം പിരിച്ചെന്ന പരാതിയിൽ സിപി ഐ എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിൽ അദ്ദേഹത്തിന്റെ നിരപരാധിത്യം ബോധ്യമായതോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ മാപ്പുപറയുകയും ചെയ്തു.

എങ്കിലും നിരപരാധിയായ ഒരാളെ മാധ്യമവിചാരണ നടത്തി ക്രൂശിക്കുന്ന പ്രവണതയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് മാധ്യമപ്രവർത്തകൻ ഹർഷൻ പൂപ്പാറക്കാരൻ

മാധ്യമപ്രവർത്തകൻ ഹർഷന്റെ ഫേസ്ബുക് പോസ്റ്റ്‌ :

ചേർത്തല കണ്ണികാട്ടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് അംബേദ്കറുടെ പേരിലുള്ള ഒരു കമ്യൂണിറ്റി ഹാളിലാണ്. ഇപ്പോഴും കറണ്ടില്ലാത്ത ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെ അഭയാർത്ഥികൾ ഏതാണ്ട് മുഴുവനായും പട്ടികജാതിക്കാരാണ്.
തവള തുടിച്ചാൽ വെള്ളപ്പൊക്കത്തിലായിപ്പോകുന്ന പരിമിത സാഹചര്യത്തിൽ ജീവിക്കുന്നവരായതുകൊണ്ട് ഒാരോ മഴയത്തും അഭയാർത്ഥികളാവേണ്ടിവരുന്നവരാണ് അവരെല്ലാം.അവിടത്തെ അന്തേവാസികളിലൊരാളാണ് ഓമനക്കുട്ടൻ.അയാൾ പൊതുപ്രവർത്തകനാണ്,സിപിഐഎം ലോക്കൽ കമ്മറ്റി അംഗമാണ്.

ഇന്ന് ഓമനക്കുട്ടൻ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പുകൾ ചുമത്തപ്പെട്ട കേസിലെ പ്രതിയാണ്.പാർട്ടി ഓമനക്കുട്ടനെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.ഓമനക്കുട്ടൻ്റെ നേതാവ് പരസ്യമായി അയാളെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

ഓമനക്കുട്ടൻ ചെയ്ത കുറ്റം അയാൾ കൂടി അഭയാർത്ഥിയായ ദുരിതാശ്വാസ ക്യാമ്പിൽ അരിയെത്തിക്കാൻ പിരിവ് നടത്തി എന്നതാണ്.
ഓമനക്കുട്ടൻ ക്യാമ്പിൽ പിരിവുനടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ചാനലുകൾ വാർത്തയാക്കുകയായിരുന്നു.

‘സിപിഐഎം പ്രാദേശിക നേതാവ് അഭയാർത്ഥി ക്യാമ്പിൽ പിരിവ് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്’ എന്നായിരുന്നു വാർത്ത.
വാർത്ത ബ്രേക്കിങ്ങായും ഹെഡ്ലൈനായുമൊക്കെത്തന്നെ പോയി.
വാർത്ത കത്തി,മന്ത്രി ജിസുധാകരൻ കണ്ണികാട് ക്യാമ്പിൽ നേരിട്ടെത്തി ഓമനക്കുട്ടനെ തള്ളിപ്പറഞ്ഞു.പോലീസ് കേസെടുത്തു.

അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് ചേർത്തല സൗത്ത് വില്ലേജോഫീസ് അധികൃതരാണ്.പക്ഷേ അതുണ്ടാവാറില്ല.
ക്യാമ്പിൽ അരി തീരുമ്പോൾ അഭയാർത്ഥികൾ വില്ലേജോഫീസിലെത്തും.വില്ലേജോഫീസർ സ്ലിപ്പ് കൊടുക്കും അതുകൊടുത്ത് അരിവാങ്ങി അഭയാർത്ഥികൾ തന്നെ ക്യാമ്പിലെത്തിക്കും.
ഇതാണ് പതിവ്.ഇത്തവണയും അരി തീർന്നപ്പോൾ ക്യാമ്പംഗമായ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു.പക്ഷേ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല.ഓട്ടോക്കാരനെ പറഞ്ഞുവിടാൻ എഴുപത്തഞ്ചുരൂപാ പലരിൽനിന്നായി വാങ്ങുന്നതുകണ്ട ഏതോ ദുഷ്ടബുദ്ധിയാണ് ആ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്.ചോര മണത്ത ചാനലുകൾ വെണ്ടയ്ക്കാ ഉരുട്ടിയതോടെ ഒരു ഞരക്കത്തിനുപോലും പഴുതില്ലാതെ ഓമനക്കുട്ടൻ കുഴങ്ങി.കള്ളനെന്ന മാധ്യമങ്ങളുടെ വിളിയും സ്വന്തം പാർട്ടിയെടുത്ത നടപടിയും പോലീസെടുത്ത കേസുമുണ്ടാക്കിയ സങ്കടം മറികടക്കാൻ പിന്നെയും പിന്നെയും ബീഡി വലിച്ചുതള്ളി.കണ്ണികാട്ടെ ക്യാമ്പിൽ ജി സുധാകരനെത്തിയപ്പോൾ കൺവെട്ടത്തുപെടാതെ ക്യാമ്പിനു പിന്നിൽ ഒളിച്ചുനിന്നു.

ഇതൊക്കെയാണ് …
അല്ലെങ്കിൽ ഇതുമാത്രമാണ് ഓമനക്കുട്ടന് സംഭവിച്ചത്.

മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ആത്മനിന്ദയാൽ നീറുന്നതുകൊണ്ടും…
വലിയൊരു വാർത്തയായിരുന്നു ‘അത്’ എന്ന് കരുതുന്ന മാധ്യമപ്രവർത്തകരുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടും…
ഒരു പ്രാദേശിക രാഷ്ട്രീയപ്രവർത്തകനായി മനുഷ്യർക്കിടയിൽ ജീവിച്ചിട്ടുള്ളതുകൊണ്ടുമാണ് ഇത്രയുമെഴുതിയത്.ഓമനക്കുട്ടൻ്റെ നിസ്സഹായാവസ്ഥ ഉറക്കം കെടുത്തുന്നുണ്ട്.
……………………………………………………………..
ഓമനക്കുട്ടൻ കണ്ണികാട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥിയാണ്,ഓട്ടോക്കൂലി കൊടുക്കാൻ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്,നിയമത്തിനുjമുന്നിൽ വഞ്ചകനാണ്.
പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത ഓമനക്കുട്ടൻ്റെ പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!.