10 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് തിരിച്ചടി :കുവൈത്തിൽ ജനസംഖ്യാനുപാതികമായി രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകൾ

 

കുവൈറ്റ് സിറ്റി

കുവൈത്തിലെ വിദേശി-സ്വദേശി അനുപാതത്തിലുള്ള അന്തരം പരിഹരിക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യക്കാർക്കും പ്രത്തേകമായ ക്വാട്ട ഏർപ്പെടുത്തണമെന്ന ആവശ്യത്തെ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോർട്ടുകൾ. പ്രാദേശിക പത്രങ്ങൾ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ജനസംഖ്യ സ്വദേശികളുടെ എണ്ണത്തിനേക്കാൾ വലിയ രീതിയിൽ വർധിക്കുന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ക്വാട്ട സമ്പ്രദായം നടപ്പിലാക്കിയാൽ അത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് ഇന്ത്യക്കാരെയായിരിക്കും. നിയമം നടപ്പിലാക്കുന്നതോടെ ജനസംഖ്യയിലും തൊഴിൽമേഖലയിലുമുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. കുവൈറ്റിൽ വസിക്കുന്ന വിവിധ രാജ്യങ്ങളിൽ ഉള്ളവരുടെ ജനസംഖ്യ രാജ്യത്തെ സ്വദേശികളുടെ ജനസംഖ്യയേക്കാൾ 10 ശതമാനത്തിലധികം ആവരുത് എന്നാണ് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ആയി കണക്കാക്കുന്നത്. മുമ്പും ജനസംഖ്യാനുപാതത്തിലെ അസന്തുലനാവസ്ഥ പരിഹരിക്കുവാൻ വേണ്ടിയുള്ള വിവിധ നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മന്ത്രിസഭ അംഗീകരിച്ചിരുന്നില്ല. പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുന്നത് മൂലം ഒന്നരലക്ഷത്തോളം ഇന്ത്യക്കാർക്കു മാത്രമേ കുവൈത്തിൽ അധിവസിക്കുവാൻ കഴിയുകയുള്ളൂ. ഇത് കുവൈത്തിൽ താമസിക്കുന്ന പത്തു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്‌ടിക്കുക