കുവൈത്തിൽ വ്യാപകമായി ഹ്യൂമിഡിറ്റി അനുഭവപ്പെടുന്നു, പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

കുവൈത്ത് സിറ്റി : രാവിലെ മുതൽ കുവൈത്തിൽ അനുഭവപ്പെടുന്നത് ശക്തമായ ഹ്യൂമിഡിറ്റി.ചൂടിൽ നിന്നും തണുപ്പിലേക്കുള്ള  കാലാവസ്ഥ മാറ്റത്തിന്റെ വിളംബരമാണ് കാലാവസ്ഥയിലെ ഈ വ്യതിയാനമെന്ന് നിരീക്ഷകർ പറയുന്നു

പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഹ്യൂമിഡിറ്റിയുടെ ഭാഗമായി അനുഭവപ്പെടുന്ന നിര്‍ജലീകരണത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര് എന്നിവയാണ് നിര്‍ജലീകരണം നല്‍കുന്ന ആദ്യ സൂചനകള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക. ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക തുടങ്ങിയ ലക്ഷണങ്ങളിലൂടെ നിര്‍ജലീകരണം രണ്ടാം ഘട്ടത്തിലത്തെുന്നു.
ചിലപ്പോള്‍ നിര്‍ജലീകരണം മാരകമാകാറുണ്ട്. അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും. ഗുരുതരമായ മൂന്നാം ഘട്ടത്തില്‍ കിടന്നാലും കുറയാത്ത തലചുറ്റല്‍, വേഗത്തിലും ദുര്‍ബലവുമായ നാഡിമിടിപ്പ്, മൂത്രമില്ലായ്മ, ബോധക്കേട് ഇവ പ്രകടമാകും. ഈ അവസ്ഥയില്‍ തീവ്രപരിചരണം അനിവാര്യമാണ്.

ക്ഷീണംതോന്നിയാല്‍ ഉടന്‍ വെള്ളം കുടിക്കണം. പതിവ് പോലെയുള്ള വെള്ളംകുടിയല്ല വേണ്ടത്. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. കുറേവെള്ളം ഒറ്റയടിക്ക് കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ടകഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം. ശരീരത്തിന് ആവശ്യമായ വെള്ളത്തിന്‍െറ തോത് നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജോലി, വ്യായാമം, രോഗങ്ങള്‍ എന്നിവ കണക്കാക്കിയാണ്.