ഒഴിഞ്ഞുകിടക്കുന്നത് നിരവധി ഫ്ലാറ്റുകൾ, കുവൈത്തിൽ ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുന്നു

കുവൈറ്റ് സിറ്റി: ആശ്രിത വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയത് കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. പ്രവാസി കുടുംബങ്ങളുടെ കൊഴിഞ്ഞു പോക്ക് മൂലം തളർച്ച നേരിട്ടു കൊണ്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലക്കു പുതിയ തീരുമാനം ഇരട്ട പ്രഹരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖല കടന്നു പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരലക്ഷത്തിലേറെ ഫ്‌ളാറ്റുകൾ താമസക്കാരില്ലാതെ കിടക്കുന്നതായാണ് കണക്കുകൾ. ജീവിതച്ചെലവിലുണ്ടായ വർദ്ധന മൂലം മിക്ക പ്രവാസികളും കുടുംബത്തെ നാട്ടിലേക്കയക്കാൻ നിർബന്ധിതരാകുന്നു. കെട്ടിട വാടക, കുട്ടികളുടെ പഠനച്ചെലവ്, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, തൊഴിൽ മേഖലയിലെ അസ്ഥിരത തുടങ്ങി നിരവധി ഘടകങ്ങളാണ് ആളില്ലാ ഫ്‌ളാറ്റുകളുടെ എണ്ണം കൂടാൻ കാരണമായത്. ഇതിനിടയിലാണ് ഇപ്പോൾ കുടുംബ വിലക്കുള്ള ശമ്പള പരിധി അഞ്ഞൂറ് ദിനാർ ആക്കി ഉയർത്തിയിരിക്കുന്നത്. പുതുതായി വിസ ലഭിക്കാനും നിലവിൽ ഉള്ളവർക്കു ഇഖാമ പുതുക്കാനും പുതിയ ശമ്പളപരിധി ബാധകമാണെന്നാണ് സൂചന. 500 ദിനാറിൽ താഴെ ശമ്പളമുള്ളവർ കുടുംബത്തെ തിരിച്ചയക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതോടെ നിലവിലുമുള്ള ഫ്ലാറ്റുകൾ കൂടി ഒഴിയും.

ഇതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.