നോവുന്ന പ്രവാസിക്ക് ആശ്വാസമേകാൻ പ്രവാസി ലാഭവിഹിത പദ്ധതിയുമായി സർക്കാർ.

കുവൈത്ത് സിറ്റി :കേരള സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപനിക്ഷേപിച്ചാൽ ആജീവാന്തരം പ്രതിമാസം 5,500 രൂപവരെ കിട്ടുന്ന പ്രവാസി ലാഭ വിഹിത പദ്ധതിയുടെ പ്രഖ്യാപനത്തെ പ്രവാസി മലയാളികൾ സ്വാഗതം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്. ബി യിലേക്കായിരിക്കും പണം നിക്ഷേപിക്കുക. 1,000 കോടി രൂപയോളം ഒരു വർഷം കൊണ്ട് ഇതുവഴി സംഭരിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ചു വിശദമായ ശുപാർശ പ്രവാസി ക്ഷേമ ബോർഡ്‌ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ സമ്പൂർണമായ പുരോഗതിയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ബജറ്റിന് മുമ്പായി സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയേക്കും. എന്നും വാഗ്ദാനങ്ങൾ മാത്രം നൽകപ്പെട്ട് കബളിപ്പിക്കപ്പെടുന്ന പ്രവാസികൾ ഒരുപാട് പ്രതീക്ഷകളോടെയാണ് പ്രവാസി ലാഭ വിഹിത പദ്ധതിയെ നോക്കി കാണുന്നത്. മൂന്നുലക്ഷം രൂപ മുതലുള്ള നിക്ഷേപമാണ് സർക്കാരിന്റെ പരിഗണയിലുള്ളത്. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസൃതമായി പ്രതിമാസ വിഹിതത്തിൽ മാറ്റം വരും. പ്രതിവർഷം 10ശതമാനം പലിശയാണ് ഉപഭോക്താവിന് നൽകുക . സർക്കാരിന്റെ ക്ഷേമ പദ്ധതിയിൽ പ്രവാസികളെ കൂടി ഭാഗമാക്കാനാണ് ഈ പദ്ധതിയിലൂടെ ഗവൺമെന്റ് ഉദ്ദേശിക്കുന്നത് . വാഗ്ദാനം ലംഘനങ്ങൾ നിരവധി അഭിമുഖീകരിച്ച പ്രവാസികൾക്ക് മുമ്പിൽ ഇച്ഛാശക്തിയോടെ ലാഭവിഹിത പദ്ധതി നടപ്പിലാക്കി സർക്കാർ മാതൃക കാണിക്കണമെന്നാണ് ഓരോ പ്രവാസിയും ആവശ്യപ്പെടുന്നത്.