തുഷാർ -നാസിൽ ചെക്ക് കേസ്, ലീഗും സി പി എമ്മും നേർക്കുനേർ, കേരളത്തിലും ഗൾഫിലും ശക്തമായ രാഷ്ട്രീയ നിയമ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു

തുഷാർ നാസിൽ ചെക്ക് കേസ് ഒത്തുതീർപ്പാകാതെ അനിശ്ചിതത്തിൽ ആയിരിക്കെ കേരളത്തിലും ഗൾഫിലും രാഷ്ട്രീയ നിയമ പോരാട്ടത്തിന്  വഴിയൊരുങ്ങുന്നു. തുഷാറിനെ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിനു കാരണമായിരുന്നു. ഇതോടെ സിപിഎം തുഷാറിന് പിന്നിൽ അണിനിരക്കുകയാണ് എന്ന കാര്യത്തിൽ വ്യക്തമായ സൂചനകളും ലഭിച്ചു. ഇതോടെ നാസിൽ മുസ്ലിം ലീഗിൻറെ സഹായം തേടുകയായിരുന്നു. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ പാർട്ടി നിലപാട് വ്യക്തമാക്കിയത്. നാസില അബ്ദുല്ല പിന്തുണ അഭ്യർത്ഥിച്ച് വിളിച്ചെന്നും ശക്തമായ പിന്തുണ ഉറപ്പ് നൽകുകയാണെന്നും പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുസ്ലിം ലീഗിൻറെ പിന്തുണ ലഭിക്കുന്നതോടെ ഗൾഫ് നാടുകളിൽ നിർണായക സ്വാധീനമുള്ള  മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ അകമഴിഞ്ഞ സഹായം  നാസിൽ അബ്ദുള്ളയ്ക്ക് ലഭിച്ചേക്കും. ഇത് കേസിനെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ സാധ്യതയുണ്ട്. തുഷാറിന് പിന്നിൽ കേരളത്തിലെ കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മും നാസിലിന് പിറകിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും നിർണായക സ്വാധീനമുള്ള മുസ്ലിംലീഗും അണിനിരക്കുന്നതോടെ നിയമപോരാട്ടം കടുക്കുമെന്നാണ് സൂചനകൾ.

നാസിൽ അബ്ദുള്ളയ്ക്ക് അനുകൂലമായ വികാരമാണ് ഇപ്പോൾ പ്രവാസ ലോകത്ത് നിന്നും പൊതുവായി ഉയരുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികൾ ജാഗ്രതയോടെയാണ് കേസിനെ സമീപിക്കുന്നതും.

*നാസിലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്*

ദുബായിൽ നിന്നും നാസിൽ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവർ ചേർന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകർത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നൽകി കേസ് ഒത്തുതീർപ്പാക്കുന്നതിനു പകരം തുഷാർ വെള്ളാപ്പള്ളിയെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരിഭവിച്ചു.

രണ്ട് വ്യക്തികൾ തമ്മിലുള്ള പണമിടപാട് കേസിൽ മുഖ്യമന്ത്രി എന്തിനാണ് ഒരു പക്ഷം പിടിക്കുന്നത്? ആരുടെയെങ്കിലും പക്ഷത്ത് നിൽക്കുകയാണെങ്കിൽ സർക്കാർ നിൽക്കേണ്ടത് ഇരയുടെ പക്ഷത്താണ്. പിന്നെന്തിനാണ് തുഷാർ വെള്ളാപ്പള്ളിയുടെ മാത്രം ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി കത്തയച്ചത്? മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതി എന്ന് വി.എസ് അച്ചുതാനന്ദൻ ഇപ്പോഴും ആരോപിക്കുന്ന ഒരാൾക്ക് വേണ്ടി വ്യവസായിയായ എം.എ യൂസഫലിയെ വിളിച്ച് മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്?

ചെക്ക് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഏതെങ്കിലും പ്രവാസിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി ഇതിനു മുമ്പ് കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നോ? ആർക്കെങ്കിലും വേണ്ടി ഇടപെടാൻ യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നോ(ബിനോയ് കോടിയേരിയുടെ കാര്യമല്ല)!?

ശ്രീ. പിണറായി വിജയൻ തുഷാർ വെള്ളാപ്പള്ളിയുടെ മാത്രം മുഖ്യമന്ത്രിയല്ല. നാസിൽ അബ്ദുള്ളയുടെ കൂടി മുഖ്യമന്ത്രിയാണ്. നാസിൽ അബ്ദുള്ള നടത്തുന്ന നിയമപോരാട്ടത്തെ അധികാരവും പണവും ഉപയോഗിച്ച് തളർത്താൻ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. അദ്ദേഹം നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നു.