സോഷ്യൽ മീഡിയ ഹീറോ ആകാൻ ഫോൺ കാൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കളമശ്ശേരി എസ് ഐ ക്കെതിരെ വിമർശനവുമായി വി ടി ബൽറാമും :നിയമ നടപടി വന്നേക്കുമെന്ന് സൂചന

സോഷ്യൽ മീഡിയ ഹീറോ ആകാൻ ഫോൺ കാൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച കളമശ്ശേരി എസ് ഐ ക്കെതിരെ വിമർശനവുമായി വി ടി ബൽറാമും, എസ് ഐ യുടെ നടപടി പരിശോധിക്കപ്പെടേണ്ടതാണെന്ന് ബൽറാം ഫേസ് ബൂക്കിലൂടെ വ്യക്തമാക്കി

ബൽ റാമിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.

‘ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്… അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല..’ – കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർഥിയെ പൊലീസ് ജീപ്പിൽ കയറ്റിയ കളമശേരി എസ്ഐ അമൃത രംഗനെ ഫോണിൽ വിളിച്ച  സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്  നൽകിയ മറുപടിയാണിത്.  വിദ്യാർഥികൾക്കിടയിൽ നിന്നുള്ള സംഭാഷണത്തിന് ചുറ്റുമുള്ളവരും കയ്യടിച്ചതോടെ കത്തിക്കയറിയ എസ്ഐയ്ക്കു മറുപടി നൽകാതെ നേതാവിനു ഫോൺ വയ്ക്കേണ്ടി വന്നു. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാർഥിയെ പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറി എസ്ഐയെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സംഭവം.

എന്നാൽ മുമ്പ് എ ബി വി പി യിൽ പ്രവർത്തിച്ചിരുന്ന എസ് ഐ ഹീറോ പരിവേഷം ലഭിക്കാൻ   ഫോൺ കാൾ റെക്കോർഡ് മാധ്യമങ്ങൾക്ക് ചോർത്തി  നൽകി എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കൾ സക്കീർ ഹുസൈന് പിന്തുണയുമായി വന്നതോടെ എ സ് ഐ യുടെ നില പരുങ്ങലിൽ ആവുകയാണ്

അതേ സമയം അമൃത രംഗനെ കുറിച്ച് സോഷ്യൽ മീഡിയയിൽ സുഹൃത്ത് വി ആർ അനൂപ്  എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്

കുറിപ്പ് വായിക്കാം

കളമശ്ശേരിയിലെ ആ എസ് ഐയെ കുറിച്ച്, ചില കോൺഗ്രസ് ഗ്രൂപ്പുകളിൽ പറഞ്ഞിരുന്നു. അതിനുമപ്പുറം ഒരു വിശദീകരണം ആവശ്യമായത് കൊണ്ട് ആണ് ഇപ്പോൾ ഇവിടെ പറയുന്നത്. അയാൾ കാലടി യൂണിവേഴ്സിറ്റിയിൽ എന്റെ ക്ലാസ് മേറ്റ് മാത്രമല്ല, എന്നോട് ഒരു പാട് കെയറും സ്നേഹവുമൊക്കെ പ്രകടിപ്പിച്ചിരുന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു ഒരു കാലത്ത്.SFI മാത്രമുണ്ടായിരുന്ന അന്നത്തെ ആ ക്യാംപസിൽ KSU ഉണ്ടാക്കാൻ തുടങ്ങുന്ന ,അപകടമരമായ ഘട്ടത്തിൽ പോലും, KSU ക്കാരൻ ആയിരുന്നില്ലെങ്കിലും അയാൾ എന്നോട് വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.പക്ഷേ, അയാൾ പിന്നീട് അവിടെ സജീവമാവായ ABVP യിൽ പ്രവർത്തനം തുടങ്ങിയ ഘട്ടം മുതൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായി..ആ എബിവിപിത്തരം (വിശദാംശങ്ങൾ വ്യക്തിപരമായത് കൊണ്ട് കൂടിയായത് കൊണ്ട് പറയുന്നില്ലാ) ,മറ്റ് പല സ്ഥലങ്ങളിലും, സൗഹൃദങ്ങളിലും തുടർന്നപ്പോൾ, ഒരിയ്ക്കൽ ഒരുപാട് അടുത്ത ഏത് ബന്ധവും അവസാനിപ്പിക്കുന്ന വേദനയോടെ അത് അവസാനിപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അറിയാവുന്ന RSS കാരെ മുഴുവൻ Fb സൗഹൃദലിസ്റ്റിൽ നിന്ന് അൺ ഫ്രണ്ട് ചെയ്ത കൂട്ടത്തിൽ അവനേയും ചെയ്തിരുന്നു. അയാൾ ഒരു അഴിമതിക്കാരൻ ആണ് എന്ന അഭിപ്രായമൊന്നും എനിക്കില്ലാ. പക്ഷേ, അടിസ്ഥാനപരമായി അയാൾ ഒരു സംഘിയാണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും അയാൾക്കുണ്ട്. ചില സുഹൃത്തുക്കൾ പഴയ സെൻകുമാർ മോഡലിൽ പുകഴ്ത്തുന്നത് കണ്ടത് കൊണ്ടാണ് ഇത് പറയേണ്ടി വന്നത്.ഏറെ പ്രിയപ്പെട്ട ഒരു കാലത്ത്, ഒരിയ്ക്കൽ ഏറെ പ്രിയപ്പെട്ടവൻ ആയിരുന്ന ഒരാളെക്കുറിച്ച്, ഇങ്ങനെ ഒരു പബ്ലിക് പോസ്റ്റടണോ എന്ന് ഒരുപാട് ആലോച്ചിരുന്നു. ഏത് വ്യക്തിപരതയേക്കാളുംപ്രധാനം ചില പൊളിറ്റിക്കൽ പ്രയോറിറ്റികൾ ആയത് കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്.ഏതെങ്കിലും തരത്തിൽ പിണറായി സർക്കാറിനോടോ, CPM നോടൊ മതിപ്പ് ഉള്ള ഒരാൾ അല്ല ഞാൻ എന്ന് എല്ലാവർക്കുമറിയാം.എന്നാൽ അറിഞ്ഞ് കൊണ്ട്, ഒരു ആർ എസ് എസ് അന്നാ ഹസാരേ ഉണ്ടാകുന്നതിന്, നിശബ്ദത കൊണ്ട് പോലും കൂട്ട് നിൽക്കാൻ പാടില്ലാ എന്ന ശാഠ്യം ഉള്ളത് കൊണ്ട് തന്നെയാണ്, ഇത് പറയേണ്ടി വരുന്നത്.