പ്രവാസികൾക്കെതിരായ പ്രസ്താവന :കുവൈത്ത് എം പി സഫ അൽ ഹാഷിമിന് വധഭീഷണി

കുവൈത്ത്‌ സിറ്റി : കുവൈത്ത് എം പി സഫാ അൽ ഹാഷിമിനു വധഭീഷണി.വിദേശികൾക്ക്‌ എതിരായ പ്രസ്‌താവനകളിലൂടെ എം പി  പലപ്പോഴും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സമാനമായ പ്രസ്താവനയ്ക്ക് ശേഷമാണ്  തനിക്ക്  ഈ മെയിൽ വഴി വധഭീഷണി ലഭിച്ചതെന്ന് അവർ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ സൈബർ കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നൽകിയതായും അവർ അറിയിച്ചു.
പ്രവാസികൾ റോഡ് ഉപയോഗിക്കുന്നതിന് പ്രത്തേക ഫീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്‌ മാസങ്ങൾക്ക്‌ മുമ്പ്‌ താൻ പ്രസ്താവന നടത്തിയ ശേഷവും സമാന രീതിയിൽ വധ ഭീഷണി ലഭിച്ചിരുന്നതായും സഫ അൽ ഹാഷിം വെളിപ്പെടുത്തി.വിദേശികൾക്ക്‌ ബീച്ചുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തീരുവ ചൂമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ കുവൈത്ത്‌ പാർലമെന്റിലെ ഏക വനിതാ അംഗമായ സഫ മുമ്പ് നടത്തിയ പരാമർശവും വലിയ വിവാദമായിരുന്നു.