സൗദി ആരാംകോക്ക് നേരെ നടന്ന ഭീകരാക്രമണം : ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി

കുവൈത്ത് സിറ്റി

സൗദിയിലെ ആരാംകോക്ക് നേരെ നടന്ന ഭീകരാക്രമണത്തോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിയുടെ സാഹചര്യം. ഇറാൻ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന മുൻവിധിയോടെയാണ് അമേരിക്കയുടെ ഭീഷണിയും പടയൊരുക്കവും. എന്നാൽ സൗദിയുടെ അന്തിമ തീർപ്പ് എന്തായിരിക്കുമോ അതിനെ ആശ്രയിച്ചായിരിക്കും ഇറാനെതിരായ സൈനിക നടപടിയെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.

സൗദിയിലെ മാത്രം എണ്ണ കേന്ദ്രങ്ങൾക്കു നേരെയല്ല, മറിച്ച് ലോക എണ്ണവിതരണ പ്രക്രിയ അട്ടിമറിക്കാനാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് സൗദി വിലയിരുത്തൽ. ആസൂത്രിത ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അറബ് സഖ്യസേന വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഉറപ്പു വരുത്താനാണ് നീക്കം. സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് എല്ലാ പിന്തുണയും നൽകാൻ ലോകത്തെ പ്രബല സൈനിക വിഭാഗമായ തങ്ങൾക്ക് ബാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രമം അട്ടിമറിക്കാൻ ഇറാൻ തുനിഞ്ഞാൽ അതിനെ തങ്ങൾ പ്രതിരോധിക്കുമെന്ന് പെന്‍റഗൺ മേധാവി മാർക്ക് എസ്പർ മുന്നറിയിപ്പ് നൽകി.