രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കുവൈറ്റിലെ വിശ്വകർമ്മജരുടെ സംഘടന ആയ വിശ്വബ്രഹ്മം സാംസ്കാരിക സമിതിയുടെ പങ്കാളിത്തത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം ആറ് മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ വിശ്വബ്രഹ്മം കുവൈത്തിന്റെ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ രക്തദാനം ചെയ്തു.

വിശ്വകർമ്മദിനാചരണത്തോടനുബന്ധിച്ചാണ് വിശ്വബ്രഹ്മം സാംസ്കാരിക സമിതി ക്യാമ്പിൽ പങ്കാളികളായത്. കുവൈത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികൾക്കും, ശസ്ത്രക്രിയ കാത്തുകഴിയുന്ന മറ്റ് രോഗികൾക്കുമായാണ് സെൻട്രൽ ബ്ലഡ് ബാങ്ക് ഈ ക്യാമ്പുകളിൽ നിന്നും ശേഖരിക്കുന്ന രക്തം വിതരണം ചെയ്യുക.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം വിശ്വബ്രഹ്മം കുവൈത്ത് രക്ഷാധികാരി മുരളിധരൻ പോരേടം നിർവ്വഹിച്ചു. ബിഡികെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര, വിശ്വബ്രഹ്മം പ്രസിഡന്റ് രഞ്ചിത്ത് പന്തളം, ഓർഗനൈസിഗ് സെക്രട്ടറി  സുമേഷ് സുകുമാരൻ, ജോയന്റ് സെക്രട്ടറി രാജേഷ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. ബിഡികെ കുവൈത്ത് പ്രസി. രഘുബാൽ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്  ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജ് സ്വാഗതവും, ട്രഷറർ രമേശൻ നന്ദിയും പറഞ്ഞു.

ക്യാമ്പ് കോ ഓർഡിനേറ്റർ രാജേഷ് ആർ. ജെ, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് GP ബിജു, മനോജ് സുരേന്ദ്രൻ, റിഗ്ഗ ഏരിയകോഡിനേറ്റർ പ്രദീപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

ബിഡികെ കുവൈത്ത് സംഘടിപ്പിച്ച ഈ വർഷത്തെ 15മത് രക്തദാന ക്യാമ്പ് ആണ് ഇന്നലെ നടന്നത്. തങ്ങൾ അധിവസിക്കുന്ന രാജ്യത്തോട് ഐക്യദാർഢ്യം എന്ന ആശയം കൂടുതൽ ആഴത്തിലാക്കുകയും,  സമൂഹത്തിൽ സാഹോദര്യത്തിന്റെയും പരസ്പരം പങ്കുവക്കലിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുകയും, അതോടൊപ്പം രക്തദാതാവിന്റെ ആരോഗ്യസംരക്ഷണത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിഡികെ കുവൈത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ക്യാമ്പുകൾ.

സന്നദ്ധരക്തദാതാക്കളുടെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള, രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാമൂഹ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രചാരണപരിപാടികൾ കുവൈറ്റ് ഉൾപ്പെടെ 10 രാജ്യങ്ങളിൽ സജീവമായി സംഘടിപ്പിക്കുന്നു.

കുവൈത്തിലെ ആശുപത്രികളിൽ രക്തം ആവശ്യമുള്ള നിരവധി രോഗികളുടെ ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ബിഡികെ കുവൈത്തിന്റെ എളിയ ശ്രമത്തിലും രക്തദാനപ്രചരണ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൌജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.